
ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ചതികച്ച പശ്ചാത്തലത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.
ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍വീണു. ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു.
തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി. ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം. സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളതിനാല്‍ ഇസ്രയേലിനൊപ്പം ചേരുന്നതിന് രണ്ടാഴ്ച സാവകാശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സംഘർഷഭൂമികളിലെ ദയനീയബാല്യങ്ങൾ; കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന
സംഘര്‍ഷബാധിതമേഖലകളില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2024-ല്‍ മുന്‍പില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). ഇതിലേറെയും ഗാസ, വെസ്റ്റ് ബാങ്ക്, കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി എന്നിവിടങ്ങളിലാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2023 മുതല്‍ 25 ശതമാനമാണ് കൂടിയത്. അന്ത്യമില്ലാത്ത വിദ്വേഷത്തിന്റെയും വിവേചനമില്ലാത്ത ആക്രമണങ്ങളുടെയും ഫലം അനുഭവിച്ചത് കുട്ടികളാണെന്ന് ഗുട്ടെറസ് പറഞ്ഞു.
അതിക്രമങ്ങള്‍
- കൊല, അംഗഭംഗം വരുത്തല്‍, സായുധസേനകളില്‍ നിര്‍ബന്ധിതമായി ചേര്‍ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ലൈംഗികാതിക്രമം, സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കല്‍, അവശ്യസഹായം നിഷേധിക്കല്‍.
- കൂട്ടബലാത്സംഗമുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ 2024-ല്‍ 35 ശതമാനം കൂടി.
- പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാടിമകളാക്കുന്നു
എണ്ണംകൂടി
- 2024-ല്‍ ആകെ അതിക്രമങ്ങള്‍ 36,221. 2023-ല്‍ 5,149.
- ഗാസയില്‍ ഇസ്രയേല്‍സൈന്യം നടത്തിയത് 7,188. 1,259 കുട്ടിളെ കൊന്നു. 941 പേര്‍ക്ക് പരിക്കേറ്റു. യുഎന്നിന്റെ മാനദണ്ഡമനുസരിച്ച് പരിശോധിച്ചുറപ്പാക്കിയ കണക്കാണിത്. ഗാസാ ആരോഗ്യമന്ത്രാലയം ഇതില്‍ക്കൂടുതല്‍ എണ്ണം നല്‍കിയിട്ടുണ്ട്. ഇത് യുഎന്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
- യുക്രൈന്‍ 1914 * കോംഗോ 4043 * സൊമാലിയ 2568 * നൈജീരിയ 2436 * ഹെയ്തി 2269
- ഇസ്രയേല്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും റഷ്യന്‍ സൈന്യവും അനുബന്ധ സായുധസേനകളും തുടര്‍ച്ചയായ മൂന്നാംവര്‍ഷവും യുഎന്‍ കരിമ്പട്ടികയില്‍
- സംഘര്‍ഷബാധിത മേഖലകളിലാകെ 2024-ല്‍ 3,137 കുട്ടികള്‍ രണ്ടോ അതിലേറെയോ തരം അതിക്രമങ്ങള്‍ നേരിട്ടു. 2023-ല്‍ ഇത് 2,684 ആയിരുന്നു.
- അതിക്രമങ്ങളില്‍ 50 ശതമാനം നടത്തുന്നത് സായുധസംഘങ്ങള്‍. കൊല, അംഗഭംഗം വരുത്തല്‍, സ്‌കൂള്‍ ആക്രമണം, അവശ്യസഹായം നിരസിക്കല്‍ എന്നിവ ചെയ്യുന്നത് സര്‍ക്കാര്‍സേനകള്‍.
Content Highlights: iran israel conflict violence against children israel on un blacklist
Published: 21 Jun 2025, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented