
ടെഹ്‌റാന്‍/ ടെല്‍ അവീവ്: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധനചെയ്ത് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും ഇന്ന് സാക്ഷ്യംവഹിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയം അവകാശപ്പെട്ടത്. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.
ഞങ്ങള്‍ ഒരു സിംഹത്തെപ്പോലെ ഉണര്‍ന്നു. ഞങ്ങളുടെ ഗര്‍ജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ സൈന്യങ്ങള്‍ പഠനവിഷയമാക്കും. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും ഉള്‍പ്പെടെ രണ്ട് ഭീഷണികളാണ് ഞങ്ങള്‍ ഇല്ലാതാക്കിയത്. ഞങ്ങള്‍ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അപകടം നേരിടേണ്ടിവരുമായിരുന്നു. ആണവ ശാസ്ത്രജ്ഞര്‍, മൂന്ന് ചീഫ് ഓഫ് സ്റ്റാഫ്, മറ്റു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഇറാന്റെ മുതിര്‍ന്ന സേനാനേതാക്കളെയെല്ലാം ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ഇല്ലാതാക്കി. ഇസ്ഫഹാനിലെയും നതാന്‍സിലെയും അരാകിലെയും ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കാനായി. ഇറാന്റെ ആണവപദ്ധതിയെ ഇസ്രയേല്‍ നശിപ്പിച്ചെന്നും ഇറാനില്‍ ഇനി ആരെങ്കിലും ആണവപദ്ധതി പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഇതേ നിശ്ചയദാര്‍ഢ്യത്തോടെയും ഇതേ കരുത്തോടെയും ആ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഇടപെടലിനെ നെതന്യാഹു പ്രശംസിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയുംചെയ്തു. ഞങ്ങളുടെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് ഞങ്ങള്‍ക്കൊപ്പംനിന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം യുഎസ് സൈന്യം ഫൊര്‍ദോയിലെ ആണവസമ്പുഷ്ടീകരണകേന്ദ്രം തകര്‍ത്തതെന്നും നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി നേരത്തേ ഇസ്രയേല്‍ സൈന്യവും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കുന്നിടത്തോളം കാലം ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി.
വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രയേലില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും വിമാനത്താവള അതോറിറ്റിയും അറിയിച്ചു.
Content Highlights: Iran and Israel agree to a ceasefire after a 12-day conflict. Both nations claim victory.
Published: 25 Jun 2025, 01:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented