ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് 48 മണിക്കൂർ സമയം അനുവദിച്ചിരുന്നു. തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

To advertise here,

ഹോർമുസ് കടലിടുക്ക് 'ശത്രുക്കൾ' ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു' അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ (IMO) ഇറാൻ പ്രതിനിധി അലി മൗസവി പറഞ്ഞു. എന്നാൽ 'കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറാനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണ്' എന്നും ഇറാൻ പ്രതിനിധി പറഞ്ഞു.

മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും IMO യോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും മൗസവി പറഞ്ഞു. ഇറാൻ നയതന്ത്രത്തിനാണ് മുൻഗണന നൽകുന്നത്, പൂർണമായ അധിനിവേശം അവസാനിപ്പിക്കലും പരസ്പര വിശ്വാസവും ഉറപ്പാക്കലും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാലെ ട്രംപിന് മറുപടിയുമായി ഇറാൻ റവല്യൂഷണറി കോറും രംഗത്തെത്തി. 'ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടും' എന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.