
ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയത്.
ഐ.എ.ഇ.എ നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഏജന്‍സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്നും ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില്‍ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലാണ് നല്‍കേണ്ടത്.
ഇറാനിലെ ആണവ നിലയങ്ങള്‍ക്കെതിരായ ആക്രമണത്തെ ചെറിയ തോതില്‍ പോലും അപലപിക്കാന്‍ തയ്യാറാകാതിരുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) അതിന്റെ അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടില്ലെന്ന യുഎസ് രഹസ്യാന്വേഷണ വിലയിരുത്തല്‍ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണ അസംബന്ധമാണെന്നാണ് ട്രംപിന്റെ പ്രതികരണം. ഈ വിവാദങ്ങള്‍ക്കിടയിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം ഇറാന്‍ അവസാനിപ്പിക്കുന്നത്. ഇറാന്‍ ആണവ പദ്ധതികള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയ സാഹചര്യത്തില്‍ അവിടങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഐഎഇഎ സംഘത്തിന് ഇറാനില്‍ പരിശോധന നടത്താനുള്ള സുരക്ഷാസാഹചര്യം ഉണ്ടാക്കാനായി ആക്രമണം നിര്‍ത്തണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
ഇറാനും ഇസ്രയേലിനും പശ്ചിമേഷ്യക്കും സമാധാനമാണ് ആവശ്യമെന്ന്, ഓസ്ട്രിയയിലെ വിയന്നയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ യോഗത്തില്‍ ഗ്രോസി പറഞ്ഞു. അതിനുള്ള ആദ്യപടിയെന്നനിലയില്‍ ഐഎഇഎ പരിശോധകര്‍ ഇറാന്റെ യുറേനിയം ശേഖരത്തിന്റെ അളവ് കണക്കാക്കണം. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം 400 കിലോഗ്രാമാണ് ഇറാന്റെ പക്കലുണ്ടായിരുന്നത്. ഇത് ഇപ്പോള്‍ എത്രയുണ്ടെന്ന് കണക്കാക്കണം -അദ്ദേഹം പറഞ്ഞു.
ആണവ ഉപകരണങ്ങളും സാമഗ്രികളും സംരക്ഷിക്കാന്‍ പ്രത്യേക നടപടികളെടുത്തതായി, വെള്ളിയാഴ്ച തനിക്കയച്ച കത്തില്‍ ഇറാന്‍ അറിയിച്ചതായി ഗ്രോസി വ്യക്തമാക്കി.
ആക്രമണത്തില്‍ ഭൂമി തുരക്കുന്ന ബോംബ് ഉപയോഗിച്ചതും സ്‌ഫോടനമുണ്ടാക്കിയ കമ്പനവും, വളരെ സുരക്ഷിതമായ സന്തുലനത്തോടെ സ്ഥാപിച്ചിരിക്കുന്ന സെന്‍ട്രിഫ്യൂജുകളെ താറുമാറാക്കിയിട്ടുണ്ടാകാമെന്ന് ഗ്രോസി അഭിപ്രായപ്പെട്ടു.
അതേസമയം തങ്ങള്‍ക്ക് ആണവായുധം ഉണ്ടാക്കാന്‍ ലക്ഷ്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള 'നിയമപരമായ അവകാശങ്ങള്‍' സംരക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Iran`s parliament approves a bill ending cooperation with the IAEA following alleged US attacks
Published: 25 Jun 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented