ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിലെ സാഹചര്യങ്ങൾ പുറത്തുവരുന്നതിനേക്കാളേറെ ഭീകരമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിലെ ആശുപത്രികൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും റോഡുകളിൽ ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ നീക്കം ചെയ്യാൻ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിക്കുകയാണെന്നും ഇന്ത്യയിൽ താമസിക്കുന്ന ഇറാൻ സ്വദേശികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സാഹചര്യങ്ങൾ ഗുരുതരമാകുന്നത് കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. 

To advertise here,

ഇറാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നാണ് അവിടെയുള്ള ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് ഇന്ത്യയിൽ താമസിക്കുന്ന ഇറാൻ വംശജർ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടണമെങ്കിൽ കുടുംബങ്ങൾ വൻതുക നൽകേണ്ടി വരുന്നതായി ടെഹ്‌റാൻ സ്വദേശിനിയായ അബ്ഗിൻ ഖാക്കി പറഞ്ഞു. മൃതദേഹങ്ങൾക്കായി ഏകദേശം 50 കോടി തോമൻ (ഏകദേശം 3.6 ലക്ഷം രൂപ) ആണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ചിലയിടങ്ങളിൽ തങ്ങളുടെ മക്കളെ കൊല്ലാൻ ഉപയോഗിച്ച വെടിയുണ്ടയുടെ വില വരെ ഭരണകൂടം ചോദിക്കുന്നതായും അവർ ആരോപിച്ചു.

പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ പുലർച്ചെ വരെ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിരുന്ന സുരക്ഷാ സേന ഇപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും നേരിട്ട് വെടിയുണ്ടകൾ ഉപയോഗിക്കുകയാണെന്ന് ഫിൻലൻഡിലേക്ക് താമസം മാറിയ ബഹാർ ഘോർബാനി പറഞ്ഞു. ഭക്ഷണസാധനങ്ങൾക്ക് പോലും കൊടിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്.

ഇറാനിൽ നിലവിൽ 3,000ത്തോളം ഇന്ത്യൻ വിദ്യാർഥികളുണ്ട്. ഇതിൽ 2,300 പേരും കശ്മീരിൽ നിന്നുള്ളവരാണ്. ലഭ്യമായ വിമാനങ്ങളിൽ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനാണ് എംബസി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതും വിമാന ടിക്കറ്റുകളുടെ വർധിച്ച നിരക്കും തടസ്സമായി നിൽക്കുന്നു. കശ്മീരിലുള്ള രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയിലാണ്. എക്സ് വഴിയാണ് എംബസി നിർദ്ദേശം പുറപ്പെടുവിച്ചതെങ്കിലും ഇന്റർനെറ്റ് ഇല്ലാത്തതിനാൽ പല വിദ്യാർഥികളും ഇത് കണ്ടിട്ടുണ്ടാകില്ലെന്നാണ് കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്.