
ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല.
എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്. ഇക്കാര്യം ഇസ്രയേലിലെ യുഎസ് അംബാസഡറും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്നും സുരക്ഷിതയിടങ്ങളില്‍ തുടരാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലും എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടുകയാണെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്റെ ശക്തമായ ആക്രമണമാണുണ്ടായത്. മധ്യ ഇസ്രയേലിലെ നാലിടങ്ങളില്‍ മാത്രം 67 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. പലയിടത്തും കെട്ടിടങ്ങളും വാഹനങ്ങളും കത്തിയമര്‍ന്നു. ഹൈഫയിലെ പവര്‍പ്ലാന്റിന് നേരേയും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തെത്തുടര്‍ന്ന് മധ്യഇസ്രയേലിലെ പവര്‍ഗ്രിഡിന് തകരാര്‍ സംഭവിച്ചതായി ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിരവധിപേര്‍ ടെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജനങ്ങള്‍ നഗരം വിടാന്‍ ശ്രമിക്കുന്നതെന്നും നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങളുടെ നീണ്ടനിരയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ടെഹ്‌റാന്റെ വടക്കുള്ള ഉള്‍നാടന്‍ മേഖലകളിലേക്കാണ് മിക്കവരും പോകുന്നത്. എന്നാല്‍, ദുര്‍ഘടമായ പാതകളായതിനാല്‍ യാത്ര പ്രയാസകരമാണെന്നും ടെഹ്‌റാന്‍ നിവാസികള്‍ സിഎന്‍എന്നിനോട് പറഞ്ഞു.
ഇറാന്റെ ആയുധ നിര്‍മാണകേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇതേസമയം, ഇസ്രയേലിലെ സൈനികത്താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: Iran`s missile attacks on Israel cause damage to the US embassy in Tel Aviv
Published: 16 Jun 2025, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented