ടെഹ്‌റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒട്ടേറെപേര്‍ ഇറാനില്‍ അറസ്റ്റില്‍. ഇസ്രയേല്‍ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ ഇറാന്‍ അധികൃതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. 

To advertise here,

വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ ചാരവൃത്തി ആരോപിച്ച് ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനിടെ, രണ്ടുവര്‍ഷം മുന്‍പ് ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ഒരാളെ തിങ്കളാഴ്ച രാവിലെ ഇറാന്‍ തൂക്കിലേറ്റുകയുംചെയ്തു. മൊസാദിനായി ചാരവൃത്തി നടത്തിയ ഇസ്മയില്‍ ഫെക്രി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇസ്രയേലിനായി ചാരപ്പണി നടത്തിയാല്‍ എന്താകും സംഭവിക്കുകയെന്ന സന്ദേശം നല്‍കാനാണ് ഇയാളുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കിയതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. 

സാമൂഹികമാധ്യമങ്ങളില്‍ സയണിസ്റ്റ് ആശയങ്ങളെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നവരെയും ഇറാനില്‍ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമൂഹത്തിന്റെ മാനസികമായ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് ഈ നടപടി. ഇറാനിലെ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന ഇസ്ഫഹാന്‍ മേഖലയില്‍നിന്ന് മാത്രം ഇത്തരത്തില്‍ 60-ഓളം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

സംശയാസ്പദമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്നവരെ എങ്ങനെ കണ്ടെത്താമെന്ന് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും രഹസ്യാന്വേഷണ മന്ത്രാലയം പുറപ്പെടുവിച്ചു. 

മുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെയും വലിയ ബാഗുകള്‍ സഹിതം പിക്കപ്പ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നവരെയും കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിര്‍ദേശം. സൈനികത്താവളങ്ങള്‍, വ്യവസായിക, ജനവാസമേഖലകള്‍ എന്നിവയുടെ സമീപത്ത് വീഡിയോ ചിത്രീകരിക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. വീടുകളില്‍നിന്ന് അസാധാരണ ശബ്ദങ്ങളോ മറ്റോ കേട്ടാല്‍ വിവരം കൈമാറണമെന്നും പകല്‍സമയത്തുപോലും കര്‍ട്ടനിട്ട് മറച്ച വീടുകളെക്കുറിച്ച് അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടുത്തിടെ വീട് വാടകയ്ക്ക് നല്‍കിയവരുടെ വിശദാംശങ്ങള്‍ എത്രയുംപെട്ടെന്ന് പോലീസിന് കൈമാറണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലെ തെരുവുകളില്‍നിന്ന് ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയതായാണ് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്. 

മൊസാദിന്റെ നേതൃത്വത്തില്‍ ഇറാനിലേക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്തിയശേഷമാണ് ഇറാന് നേരേ ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇറാന്റെ മിസൈല്‍കേന്ദ്രങ്ങള്‍ക്ക് നേരേ ഇറാനില്‍നിന്നുതന്നെയാണ് തങ്ങള്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മൊസാദിനായി ചാരവൃത്തി നടത്തിയവരെ കണ്ടെത്താന്‍ ഇറാന്‍ ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ, ഇസ്രയേലിന്റെ സൈനികനടപടിക്കായി കൊണ്ടുവന്നതെന്ന് കരുതുന്ന 200 കിലോ സ്‌ഫോടകവസ്തുക്കളും ചാവേര്‍ ഡ്രോണുകളും ടെഹ്‌റാന്‍ പ്രവിശ്യയിലെ റേയില്‍നിന്ന് അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.