ബർഗൻസ്റ്റോക്ക് (സ്വിറ്റ്‌സർലൻഡ്): പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചയ്ക്കായി സ്വിറ്റ്‌സർലൻഡ് സന്ദർശനത്തിനിടെ വധിക്കാനാണ് പദ്ധതിയിട്ടതെന്ന്‌ ബ്രസീലിയൻ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. അസിം മുനീറിന് പുറമേ പാക് പ്രതിനിധി സംഘത്തെ വധിക്കാനും പദ്ധതിയിട്ടെന്നാണ് പെപ്പെ എസ്കോബാർ എന്ന മാധ്യമപ്രവർത്തകന്റെ ഗുരുതര ആരോപണം. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് എസ്കോബാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

അമേരിക്ക-ഇറാൻ ചർച്ചകൾക്കായി പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിലെത്തിയിരുന്നു. ഈ ഘട്ടത്തിൽ നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരം, അസിം മുനീറിനെയും കൂടെയുണ്ടായിരുന്ന പാക് പ്രതിനിധികളെയും വധിക്കാൻ മൊസാദ് പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തൽ. എന്നാൽ ഇത് സംബന്ധിച്ച വിവരം പാക് സൈന്യത്തിന് ലഭിച്ചിരുന്നതായും എസ്കോബാർ അവകാശപ്പെട്ടു.

തുടർന്ന് ഒമാൻ വഴി ഇസ്രയേലിന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയതായും എസ്കോബാർ പറഞ്ഞു. പ്രതിനിധി സംഘത്തെ തൊടാൻ ശ്രമിച്ചാൽ നിങ്ങളെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് പാകിസ്താൻ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ, ഈ ആരോപണം പാക് അധികൃതർ പൂർണമായും തള്ളി. ഇത് തികച്ചും അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തകൾ. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും സ്വിറ്റ്‌സർലൻഡ് സന്ദർശനം വളരെ സുഗമമായാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സന്ദർശന വേളയിൽ സ്വിറ്റ്‌സർലൻഡിന്റെയോ അമേരിക്കയുടെയോ സുരക്ഷാ സംഘങ്ങൾ യാതൊരുവിധത്തിലുള്ള ആശങ്കകളും പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, താമസസമയത്തടക്കം പ്രധാനമന്ത്രിയുടെയും കരസേനാ മേധാവിയുടെയും സുരക്ഷാ സംവിധാനങ്ങൾ കർശനമായി പാലിച്ചിരുന്നതായും പാക് അധികൃതർ അറിയിച്ചു. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥയാണ് ഈ ആരോപണമെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു.