ന്യൂജേഴ്‌സി: കല്യാണം കഴിക്കാനെന്നു പറഞ്ഞ് അമേരിക്കയിലെത്തിയ ഇന്ത്യക്കാരിയെ കാണാതായി. ജൂണ്‍ 20 ന് ന്യൂജേഴ്‌സിയില്‍ എത്തിയ സിമ്രൻ  സിമ്രൻ (24) എന്ന യുവതിയെയാണ് കാണാതായത്. ലിൻഡൻവോൾഡ് പോലീസ് യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്.

To advertise here,

വിമാനത്താവളത്തില്‍ എത്തിയ സിമ്രനെ സിസിടിവി പരിശോധിച്ച പോലീസ് തിരിച്ചറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സിമ്രൻ ഫോണില്‍ നോക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യങ്ങളില്‍ സിമ്രൻ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നതായി തോന്നും. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവർക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി തോന്നുന്നില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അമേരിക്കയിലെത്തി അഞ്ചു ദിവസം കഴിഞ്ഞാണ് ഇവരെ കാണാതായതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിവാഹം കഴിക്കാനാണ് അമേരിക്കയിലെത്തിയതെന്ന് പോലീസിന് മനസിലായത്. എന്നാൽ, ഇത് അമേരിക്കയിലേയ്ക്ക് കടക്കാനും അവിടെ എന്തെങ്കിലും തൊഴിൽ സമ്പാദിക്കാനുമായി അവർ കെട്ടിച്ചമച്ചതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രാഥമിക ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിമ്രന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും അവർ മൊബൈൽ കണക്ഷനൊന്നും എടുത്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ വൈഫൈയാണ് ഇവർ ഫോണിൽ ഉപയോഗിച്ചതെന്ന് പോലീസിന് മനസിലായിട്ടുണ്ട്. നിലവില്‍ സിമ്രണിന്  അമേരിക്കയില്‍ സുഹൃത്തുക്കളാരുമില്ല എന്നാണ് വിവരം. കാണാതായതിനുശേഷം സിമ്രന്റെ ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല. 

അഞ്ചടി നാലിഞ്ച് ഉയരമുള്ള സിമ്രണ്‍ കാണാതാകുമ്പോള്‍ വെള്ള ടി-ഷര്‍ട്ടും, നരച്ച നിറമുള്ള പാന്റ്‌സുമാണ് ധരിച്ചത്. ഏകദേശം 68 കിലോ ഭാരമുണ്ട്. നെറ്റിയുടെ ഇടത് ഭാഗത്തായി മുറിവിന്റെ പാടുണ്ട്. സിമ്രണിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് ലിന്‍ഡന്‍വോള്‍ഡ് പോലീസ് അറിയിച്ചു.