ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്തോളിൽ ഇന്ത്യൻ വംശജനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 26 വയസ്സുകാരൻ ഗുർഭെജ് സിങ് ആണ് കൊല്ലപ്പെട്ടത്. മുപ്പത് വയസ്സിലേറെ പ്രായമുള്ള മറ്റൊരാൾക്കും അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,

പഞ്ചാബിലെ തരൺ ജില്ലയിലെ മെഹ്ദുപുർ സ്വദേശികളാണ് ഗുർഭെജ് സിങ്ങിന്റെ കുടുംബം. ബുധനാഴ്ച പുലർച്ചെ സോത്തോളിലെ ഡോർമേർസ് വെൽ ലെയ്‌നിലെ നോർത്ത് റോഡ് ജങ്ഷനിൽ വെച്ചാണ് ഗുർബെജിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ് കിടക്കുന്നത് കണ്ടതിനെ തുടർന്ന് പരിസരവാസികളാണ് ലണ്ടൻ ആംബുലൻസ് സർവീസിനെ വിളിച്ചത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥലത്തെത്തി. സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരിച്ചിരുന്നു.

മെട്രോപൊളിറ്റൻ പോലീസിലെ സ്‌പെഷ്യലിസ്റ്റ് ക്രൈം കമാൻഡ് ആണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സംഭവസ്ഥലത്ത് നിന്ന് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.