ന്യൂഡൽഹി: ഗാസയുടെ പുനർനിർമ്മാണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' സംരംഭത്തിൽ പങ്ക് ചേരുന്ന കാര്യത്തിൽ ഇന്ത്യ ഇനിയും തീരുമാനമെടുത്തിട്ടില്ല. നിർദേശം സർക്കാർ പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

To advertise here,

സംരംഭത്തിൽ പങ്കുചേരാൻ ക്ഷണിക്കപ്പെട്ടതായി അധികൃതർ സമ്മതിച്ചു. ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത് പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തേയും മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വാരാന്ത്യത്തിൽ ട്രംപ് 60 രാജ്യങ്ങളിലെ നേതാക്കൾക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിരുന്നു. 'ബോർഡ് ഓഫ് പീസ്' ഗാസയിൽ സ്ഥിരം സമാധാനം കൊണ്ടുവരുന്നതിലും ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പുതിയതും ധീരവുമായ സമീപനം സ്വീകരിക്കുമെന്നാണു വാഗ്ദാനം. യുഎസ് പ്രസിഡന്റിനെ ലോകനേതാവായി പ്രതിഷ്ഠിക്കുന്നതിലേക്കും ഇതു നയിക്കും.

പദ്ധതികളെക്കുറിച്ച് ഇന്ത്യയ്ക്ക് ഒട്ടേറെ ആശങ്കകളുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇത് അംഗീകരിച്ചു മുന്നോട്ടുപോയാൽ ചിലപ്പോൾ കശ്മീർ വിഷയത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. 2025 മെയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാല് ദിവസത്തെ സംഘർഷം അവസാനിപ്പിക്കാൻ വെടിനിർത്തൽ ഏർപ്പെടുത്തിയെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇന്ത്യയെ ഏറെ അലോസരപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ‘ബോർഡ് ഓഫ് പീസി’ൽ ചേരാനുള്ള ക്ഷണത്തിന് അനുകൂലമായി പ്രതികരിക്കാൻ ഫ്രാൻസ് തയ്യാറല്ലെന്നാണ് റിപ്പോർട്ട്. 'ഇത് ഗാസയുടെ മാത്രം ചട്ടക്കൂടിന് ചേർന്നതല്ല. അതിനപ്പുറത്തേക്ക് പോകുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെയും ഘടനയെയും സംബന്ധിച്ച് പ്രധാന വിഷയങ്ങൾ ഉയർത്തുന്നു.' ഫ്രാൻസിന്റെ അനൗദ്യോഗിക പ്രതികരണം ഇങ്ങനെയായിരുന്നു.

യൂറോപ്യൻ യൂണിയൻ, റഷ്യ, ബെലാറസ്, തായ്ലൻഡ് എന്നിവ ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ലഭിച്ചതായി സമ്മതിച്ചവരിൽ ഉൾപ്പെടുന്നു. കാനഡ തത്വത്തിൽ ട്രംപിന്റെ നിർദ്ദേശത്തിന് അനുകൂലമാണ്. ബോർഡ് ഓഫ് പീസിന്റെ കാഴ്ചപ്പാട് പ്രവർത്തനക്ഷമമാക്കാൻ ഒരു എക്‌സിക്യൂട്ടീവ് ബോർഡ് രൂപീകരിച്ചതായി വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, മിഡിൽ ഈസ്റ്റിലെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്.