മുംബൈ: റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവചുമത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ വഴങ്ങിയേക്കില്ലെന്ന് സൂചന. റഷ്യയിൽനിന്ന് തുടർന്നും ഇപ്പോഴത്തെ രീതിയിൽ എണ്ണവാങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ എവിടെനിന്ന് അസംസ്കൃത എണ്ണ വാങ്ങണമെന്നത് മറ്റൊരു രാജ്യം തീരുമാനിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഇപ്പോൾ സമ്മർദത്തിനു വഴങ്ങിയാൽ പ്രതിപക്ഷം അത് ആയുധമാക്കാനുള്ള സാധ്യതകൂടി മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നതെന്നാണ് വിവരം. മാത്രമല്ല, തീരുവയുടെ പേരിൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്തിയാൽ അത് റഷ്യയുമായുള്ള വർഷങ്ങളായുള്ള വാണിജ്യബന്ധത്തെയും ബാധിച്ചേക്കാം.

To advertise here,

റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയ്ക്കും ഇന്ത്യക്കുമുൾപ്പെടെ 100 ശതമാനം തീരുവ ചുമത്താൻ യു.എസ്. പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം കഴിഞ്ഞദിവസമാണ് യു.എസ്. സെനറ്റ് പാസാക്കിയത്. ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാർ ചർച്ചകൾ നടക്കുന്നതിനിടെയാണ് യു.എസ്. നീക്കം. കരാറിൽ യു.എസ്. വ്യവസ്ഥകൾ അംഗീകരിക്കുന്നതിനുള്ള സമ്മർദതന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ബിൽ സെനറ്റിൽ പാസായതുകൊണ്ടുമാത്രം തീരുവ ബാധകമാകില്ല. യു.എസ്. പ്രതിനിധിസഭയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകുമെന്ന് നിരീക്ഷകർ പറയുന്നു.

ചൈന കഴിഞ്ഞാൽ റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയുടെ തീരുവഭീഷണി നിലനിൽക്കുന്നതിനിടയിലും ജൂലായിൽ ദിവസം 27.8 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്കെത്തി. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 56 ശതമാനം വരുമിത്. ഇതുവരെയുള്ളതിൽ ഒരുമാസത്തെ ഏറ്റവും ഉയർന്ന റഷ്യൻ എണ്ണ ഇറക്കുമതിയാണിത്. അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെത്തുടർന്ന് 2025 ഓഗസ്റ്റ് 27 മുതൽ റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു.

എന്നാൽ, പശ്ചിമേഷ്യാസംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം കുറഞ്ഞതോടെ വീണ്ടും ഇന്ത്യ റഷ്യയിൽനിന്ന് കൂടുതലായി എണ്ണ വാങ്ങാൻ തുടങ്ങുകയായിരുന്നു. യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയിലെ എണ്ണസംസ്കരണ കേന്ദ്രങ്ങൾ തകർന്നതിനെത്തുടർന്ന് ഇന്ത്യയിൽനിന്ന് റഷ്യ സംസ്കരിച്ച ഇന്ധനം വാങ്ങുന്നുണ്ട്. ഇതും ഇറക്കുമതി ഒഴിവാക്കുന്നതിൽനിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതായാണ് സൂചന.

ഇന്ത്യ റഷ്യൻഎണ്ണ വാങ്ങുന്നതു കുറച്ചാൽ അത് ആഗോള എണ്ണവിപണിക്കൊപ്പം ഇന്ത്യക്കും വലിയ തിരിച്ചടിയാകുമെന്ന് ചരക്കുനീക്കം നിരീക്ഷിക്കുന്ന കമ്പനിയായ കെപ്ലറും മുന്നറിയിപ്പു നൽകുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ഇന്ധനലഭ്യത ഉറപ്പാക്കിയതിൽ റഷ്യൻ എണ്ണ നിർണായകമായിരുന്നു. അമേരിക്കൻ തീരുവയുടെ പേരിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വേണ്ടെന്നുവെച്ചാൽ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരും. ഇത് രാജ്യത്തെ ഇറക്കുമതിച്ചെലവു കൂട്ടും. ചില്ലറവിപണിയിൽ ഇന്ധനവില കൂട്ടാനും ഇന്ത്യ നിർബന്ധിതമാകും. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു അവസ്ഥയിലേക്കു പോകാൻ ഇന്ത്യ തയ്യാറായേക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.