ഇസ്ലാമാബാദ്: കഠിനമായ ഇന്ധന പ്രതിസന്ധി നേരിടുന്ന പാകിസ്താൻ നിലവിൽ നേരിടുന്ന വെല്ലുവിളികളെ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയുമായി താരതമ്യം ചെയ്ത് പാക് മന്ത്രി. ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില വർധിച്ചപ്പോൾ, ശക്തമായ വിദേശ നാണ്യശേഖരവും ദീർഘകാലത്തേക്കുള്ള തന്ത്രപ്രധാന എണ്ണശേഖരവും ഇന്ത്യയെ തുണച്ചതായി തുറന്നു സമ്മതിച്ച് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്.
സ്വന്തമായി എണ്ണശേഖരമില്ലാത്ത പാകിസ്താൻ കടുത്ത വിലക്കയറ്റം തടയാൻ ഐഎംഎഫ്. വായ്പാ നിബന്ധനകളിൽ ഇളവ് തേടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ പൗരന്മാരെ സഹായിക്കാൻ നികുതി കുറച്ചപ്പോൾ, പാകിസ്താൻ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തരം നടപടികൾ സ്വീകരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില ബാരലിന് 126 ഡോളറായി (2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്) ഉയർന്ന സാഹചര്യത്തിൽ, ഇന്ധന പ്രതിസന്ധിയുടെ കാര്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് പാകിസ്താൻ പെട്രോളിയം മന്ത്രി എടുത്തുപറഞ്ഞത്. ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
'ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമല്ല ഉള്ളത്, അവർ തന്ത്രപരമായ കരുതൽ ശേഖരവും സൂക്ഷിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ ഇത് സഹായിക്കുന്നു. കൂടാതെ, അവർ ഐഎംഎഫ് പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ, എണ്ണവില വർധിച്ചപ്പോൾ നികുതി കുറച്ച് ആഘാതം കുറയ്ക്കാൻ അവർക്ക് സാധിച്ചു. അതിനുള്ള സാമ്പത്തിക ഭദ്രത അവർക്കുണ്ടായിരുന്നു.' അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ ഊർജ്ജ സുരക്ഷയിലും സാമ്പത്തിക ആസൂത്രണത്തിലും വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ടു മാസത്തേക്കുള്ള എണ്ണശേഖരം ഇന്ത്യ കൈവശം കരുതുമ്പോൾ, പാകിസ്താന്റെ പക്കൽ ഏതാനും ദിവസത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുള്ളൂ എന്നും മന്ത്രി പറയുന്നു.
എണ്ണവില വർധിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി പാകിസ്താന് ഐഎംഎഫുമായി ചർച്ച നടത്തേണ്ടി വന്നു. നഷ്ടം നികത്തുന്നതിനായി ഡീസലിനും പെട്രോളിനും ലെവി (levy) ഏർപ്പെടുത്താൻ ബജറ്റ് സമയത്ത് ഐഎംഎഫുമായും മറ്റ് ഏജൻസികളുമായും പാകിസ്താൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ ഡീസൽ വില മൂന്നുമുതൽ നാലുമടങ്ങ് വരെ വർധിച്ചതിനാൽ, ഡീസലിന്റെ ലെവി പൂജ്യമായി കുറയ്ക്കാനും അതിന്റെ മുഴുവൻ ഭാരവും പെട്രോളിലേക്ക് മാറ്റാനും ഞങ്ങൾ തീരുമാനിച്ചു. അതോടൊപ്പം ബൈക്ക് യാത്രക്കാർക്ക് പ്രത്യേക സബ്‌സിഡി നൽകി അവരെ സംരക്ഷിക്കുകയും ചെയ്തു. എന്നാൽ, ഐഎംഎഫിന് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിരുന്നെങ്കിൽ അതിന്റെ പ്രത്യാഘാതം ഇതിലും രൂക്ഷമാകുമായിരുന്നു. ഞങ്ങൾ ഐഎംഎഫുമായി അനൗദ്യോഗിക ചർച്ചകൾ നടത്തി ലെവി ലിറ്ററിന് 80 രൂപ കുറയ്ക്കാൻ അവരെ സമ്മതിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.
പാകിസ്താൻ പെട്രോൾ വില ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയാക്കി മാറ്റി. ഈ ഇളവ് സർക്കാരിന്റെ പെട്രോളിയം ലെവിയിലൂടെയാകും കണ്ടെത്തുകയെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്. ആഗോള എണ്ണവില വർധന ചൂണ്ടിക്കാട്ടി സർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ തീരുമാനമുണ്ടായത്.
ഇതുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ താരതമ്യേന സുസ്ഥിരമാണ്. ഇന്ധനവില വർധന മൂലം നഷ്ടത്തിലായ ഓയിൽ മാർക്കറ്റിങ് കമ്പനികളെ സഹായിക്കുന്നതിനായി കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപയോളം കുറച്ചുകൊണ്ട് ഇന്ത്യ ഇന്ധനവില നിയന്ത്രിച്ചു നിർത്തി.
ഇതിനുപുറമെ, വൻതോതിലുള്ള വിദേശനാണ്യ ശേഖരം പ്രയോജനപ്പെടുത്തിയും വിവിധ രാജ്യങ്ങളിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തും തന്ത്രപരമായ എണ്ണശേഖരവും നികുതി സംവിധാനങ്ങളും ഉപയോഗിച്ചും ആഗോള എണ്ണ പ്രതിസന്ധിയുടെ ആഘാതത്തിൽനിന്ന് ഇന്ത്യ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചതായും വിദഗ്ധർ പറയുന്നു.
'ഞങ്ങൾക്ക് വാണിജ്യപരമായ ശേഖരം മാത്രമേയുള്ളൂ. അഞ്ച് മുതൽ ഏഴ് ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമേ കൈവശമുള്ളൂ. എണ്ണക്കമ്പനികളുടെ പക്കലുള്ള ശുദ്ധീകരിച്ച ഇന്ധനം 20-21 ദിവസത്തേക്ക് മാത്രമേ തികയൂ. 60-70 ദിവസത്തെ കരുതൽ ശേഖരമുള്ള ഇന്ത്യയെപ്പോലെയല്ല ഞങ്ങൾ, അവർക്ക് ഒരു ഒപ്പിട്ടാൽ ആ ശേഖരം പുറത്തെടുക്കാൻ കഴിയും.' പാകിസ്താന് തന്ത്രപരമായ എണ്ണശേഖരമില്ലെന്ന് സമ്മതിച്ചുകൊണ്ട് മന്ത്രി മാലിക് പറഞ്ഞു.
Content Highlights: India utilizes strategic petroleum reserves to cushion against global price shocks. Pakistan lacks long-term strategic reserves, relying on limited commercial stocks. IMF bailout conditions limit Pakistan's fiscal flexibility compared to India. India’s diversified crude sourcing and tax adjustments ensure fuel price stability.
Published: 01 May 2026, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented