ന്യൂഡൽഹി: ദീർഘകാല ചർച്ചകൾക്കൊടുവിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ന്യൂസിലൻഡ് വാണിജ്യ മന്ത്രി ടോഡ് മക്‌ലേ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഔദ്യോഗികമായി ഒപ്പിട്ടത്. ചരക്ക് സേവന വ്യാപാരങ്ങൾ, നിക്ഷേപങ്ങൾ, തൊഴിൽപരമായ കുടിയേറ്റം എന്നിവയിൽ പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതാണ് ഈ കരാർ. 

To advertise here,

ഇതിലൂടെ ഇന്ത്യയിൽനിന്നുള്ള നിരവധി കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ നികുതി രഹിത പ്രവേശനം ലഭിക്കുമ്പോൾ, ന്യൂസിലൻഡിന്റെ പകുതിയിലധികം കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും നിയമപരമായ സങ്കീർണതകൾ കുറച്ച് മികച്ച നിക്ഷേപാന്തരീക്ഷം ഒരുക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പിയൂഷ് ഗോയൽ ചടങ്ങിൽ പറഞ്ഞു. നിക്ഷേപകർക്ക് മികച്ച ലാഭം ഉറപ്പാക്കുന്നതിനൊപ്പം വിശ്വാസയോഗ്യമായ ഒരു ബിസിനസ് സാഹചര്യം ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ആഗോള വിപണികളിലേക്കുള്ള ഒരു പ്രവേശന കവാടമായി ഇന്ത്യ മാറുകയാണെന്ന് അദ്ദേഹം നിക്ഷേപകരെ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സുകൾക്ക് ഇന്ത്യയെ ഒരു ഇടനാഴിയായി കാണാമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.

2010-ൽ ആരംഭിച്ച ഈ കരാർ ചർച്ചകൾ 2015-ൽ വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. പിന്നീട് 2025 മാർച്ചിൽ പുനരാരംഭിക്കുകയും ഡിസംബറിൽ തീരുമാനത്തിലെത്തുകയും ചെയ്യുകയായിരുന്നു.