റിയാദ്: റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലും ദമാമിലെ കിംഗ് ഫഹദ് വിമാനത്താവളത്തിലും ഞായറാഴ്ച വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിലെ ആളപായവും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗദിയിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായ ശനിയാഴ്ചത്തെ വിമാനത്താവള ആക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമണശ്രമമുണ്ടായത്.

To advertise here,

കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപമെത്തിയ ക്രൂയിസ് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ പ്രൊജക്‌റ്റൈൽ പതിച്ച് തീപിടുത്തമുണ്ടായതായും റിപ്പോർട്ടുണ്ട്. കൂടാതെ, ഞായറാഴ്ച വൈകുന്നേരം ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. ഇവിടെയും സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പുരോഗമിക്കുകയാണ്.

ശനിയാഴ്ച കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യക്കാരിൽ ഒരാൾ മരണമടഞ്ഞതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മരണമടഞ്ഞയാളുടെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകിവരുന്നതായി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ ആരോഗ്യനില എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിലയിരുത്തി. ചികിത്സയിലുള്ള മൂന്ന് ഇന്ത്യക്കാർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും എംബസി വ്യക്തമാക്കി. രണ്ടുപേർ സാധാരണ വാർഡുകളിൽ ചികിത്സയിൽ തുടരുമ്പോൾ മറ്റുള്ളവർ ആശുപത്രി വിട്ടു.

സൗദിക്കെതിരെ നാല് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യമനിലെ ഹൂതി വിഭാഗം അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് വിമാനത്താവളം, കിഴക്കൻ പ്രവിശ്യയിലെ ഷുഗദം ഗ്യാസ് കേന്ദ്രം, തനാജിബ് എണ്ണ ശുദ്ധീകരണ ശാല എന്നിവയാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകിയ ഹൂതികൾ, മക്ക, മദീന വിമാനത്താവളങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 'ഡോൺ ഓഫ് യമൻ' (Dawn of Yemen) സൈനിക നടപടിയുടെ ഭാഗമായി 1,732 ആക്രമണങ്ങൾ നടത്തുകയും 900-ലേറെ ഹൂതി പോരാളികളെ വധിക്കുകയും ചെയ്തതായി യമൻ ഔദ്യോഗിക സൈന്യം വ്യക്തമാക്കി.