ന്യൂഡൽഹി: പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനോട് (FATF) പാകിസ്താനെ 'ഗ്രേ ലിസ്റ്റിൽ' തിരികെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെടുമെന്നാണ് വിവരം. 

To advertise here,

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും ഉൾപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള തെളിവുകളും ആശങ്കകളും അടങ്ങിയ ഒരു സമഗ്രമായ രേഖ എഫ്.എ.ടി.എഫിന് സമർപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താന്റെ ഭീകരവാദ ബന്ധം സംബന്ധിച്ച ഇന്ത്യയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉൾപ്പെട്ട സമ​ഗ്രമായ റിപ്പോർട്ടായിരിക്കും എഫ്.എ.ടി.എഫിന് നൽകുക. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കർശനമായ പരിശോധനയും നടപടികളും ഇന്ത്യ ആവശ്യപ്പെടും. ജൂണിൽ നടക്കാനിരിക്കുന്ന എഫ്.എ.ടി.എഫുമായുള്ള യോ​ഗത്തിൽ ഇന്ത്യൻ പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

2022ലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് എഫ്.എ.ടി.എഫ്. ഒഴിവാക്കിയത്. ഇതോടെ പാകിസ്താന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കുന്നതിനും രാജ്യത്തിന്റെ നില മെച്ചപ്പെടുത്തുന്നതിനും വഴി തുറന്നിരുന്നു. വീണ്ടും ​ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്ന പക്ഷം വിദേശ നിക്ഷേപത്തിനും രാജ്യന്തര ഇടപ്പാടുകൾക്കും കടുത്ത തിരിച്ചടിയുണ്ടാവുകയും ഇത് പാകിസ്താന്റെ സാമ്പത്തികവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കും.. 

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായി പാകിസ്താന്റെ ഫണ്ടിന്റെ ഉറവിടം തടയാനുള്ള ശ്രമങ്ങളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. പാകിസ്താനുള്ള ഐഎംഎഫിന്റെ രക്ഷാ പാക്കേജിനെ എതിർത്തതിന് പിന്നാലെ പാകിസ്താന് ലഭിക്കാനിടയുള്ള വരാനിരിക്കുന്ന ലോകബാങ്ക് വായ്പകളെയും എതിർക്കാനാണ് ഇന്ത്യൻ നീക്കമെന്നാണ് റിപ്പോർട്ടുകൾ.