ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ എന്തെങ്കിലും സൈനിക നടപടിക്ക് ഇനി ഇന്ത്യ മുതിര്‍ന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്നാക്രമണം നടത്തുമെന്നും രാജ്യത്തിന്റെ കിഴക്കുഭാഗത്തുനിന്നും യുദ്ധമാരംഭിക്കുമെന്നും പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) മേധാവി ലെഫ്.ജനറല്‍ അഹമ്മദ് ചൗധരി പറഞ്ഞത് രണ്ടുമാസം മുമ്പാണ്. ഒരുപക്ഷേ, തങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാരാണ് ബംഗ്ലാദേശിലേത് എന്ന ധൈര്യം കൊണ്ടായിരിക്കാം ഈ 'കിഴക്കന്‍' ഭീഷണി മുഴക്കിയത്. പക്ഷേ, എത്ര വേഗമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്! അഫ്ഗാനിസ്താന്‍ അതിര്‍ത്തിയായ ഡ്യൂറന്‍ഡ് രേഖയില്‍ താലിബാന്‍ പോരാളികളോട് പിടിച്ചുനില്‍ക്കാന്‍ പണിപ്പെടുകയാണ് പാക് പട്ടാളം.

To advertise here,

പാകിസ്താനിലെ താലിബാനായ തെഹ്രീക്കെ താലിബാന്റെ (ടിടിപി) പേരില്‍ താലിബാനും പാകിസ്താനും ഉരസല്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. പ്രത്യേകിച്ച്, 2021-ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ. 2025-ല്‍ മാത്രം ടിടിപി 600 തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ അവര്‍ മൊത്തത്തില്‍ നടത്തിയ ആക്രമണങ്ങളെക്കാള്‍ കൂടുതല്‍. പാകിസ്താന്‍ സൈന്യവും പല തവണ ടിടിപി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.

ഈ രക്തരൂഷിത പോരാട്ടങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഒക്ടോബര്‍ 12-ന് നടന്നത്. കനത്ത പോരാട്ടത്തില്‍ 58 പാക് സൈനികരെ വധിച്ചെന്ന് താലിബാനും 200 എതിര്‍ സൈനികരെ കൊന്നതായി പാകിസ്താനും അവകാശപ്പെട്ടു. വ്യാപാരത്തിനും അഭയാര്‍ഥികളുടെ കൈമാറ്റത്തിനും നിര്‍ണായകമായ അതിര്‍ത്തിയിലെ ചില പാതകള്‍ അടച്ചിട്ടിരിക്കുന്നു ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇരുഭാഗത്തും ഒറ്റപ്പെട്ടു കിടക്കുന്നു.

സംഘര്‍ഷം കൊടുമ്പിരികൊള്ളുമ്പോള്‍ അഫ്ഗാനിസ്താനിലെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഇന്ത്യയാണ് എന്നാരോപിക്കുകയാണ് പാകിസ്താന്‍. താലിബാന്‍ വിദേശമന്ത്രി അമീര്‍ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതും (ഇത്രയും ഉന്നതതലത്തിലുള്ള ഇന്ത്യ-താലിബാന്‍ ചര്‍ച്ച ഇതാദ്യം) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതും പാകിസ്താന് സഹിക്കുന്നില്ല. അതുകൊണ്ടാവണം, മുത്താക്കി സന്ദര്‍ശനം തുടങ്ങിയ ഒക്ടോബര്‍ ഒന്‍പതാം തീയതി അവര്‍ കാബൂളില്‍ ബോംബാക്രമണം നടത്തിയത്. നൂര്‍വാലി മെഹ്സൂദ് അടക്കമുള്ള ടിടിപി നേതാക്കളെ ലക്ഷ്യം വെച്ചുള്ള ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടു. മെഹ്സൂദിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

പാകിസ്താനെ പേടിപ്പിക്കുന്ന ആലിംഗനം

പാകിസ്താന് പറ്റിയ വലിയ പിഴയാണ് കാബൂളിലെ സ്ഫോടനങ്ങള്‍ എന്ന് മുത്താക്കി വ്യക്തമാക്കി. അഫ്ഗാനിസ്താനെതിരെ കടന്നാക്രമണം നടത്തിയ ബ്രിട്ടീഷുകാര്‍ മുതല്‍ നാറ്റോ വരെയുള്ള വന്‍ശക്തികളും സാമ്രാജ്യങ്ങളും തോറ്റുപോയിട്ടേ ഉള്ളൂ എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഭീകരവാദികള്‍ക്ക് അഫ്ഗാനിസ്താനില്‍ അഭയം നല്‍കുന്നു എന്ന പാക് ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 2,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയെ (പാക്-അഫ്ഗാന്‍) ചെങ്കിസിനോ (ജെംഗിസ് ഖാന്‍) അംഗ്രിസിനോ (ഇംഗ്ലീഷുകാര്‍) നിയന്ത്രിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വലിയ സൈന്യവും മെച്ചപ്പെട്ട രഹസ്യ വിവരശേഖരണ സംവിധാനവും ഉണ്ടായിട്ടും എന്തുകൊണ്ടാണ് പാകിസ്താന് അതിര്‍ത്തി നിയന്ത്രിക്കാന്‍ ആകാത്തത്? യുദ്ധം പാകിസ്താനുള്ളിലാണെന്നും തങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം മണ്ണിലെ പ്രശ്നങ്ങളെ നിയന്ത്രണാധീനം ആക്കണം- മുത്തഖി പറഞ്ഞു.

അഫ്ഗാനിസ്താനില്‍ ഭീകരവാദികളുടെ സാന്നിധ്യം ഇല്ലെന്ന് മുത്തഖി അവകാശപ്പെട്ടു. പാകിസ്താനിലെ ഭൂരിഭാഗം ജനങ്ങളും സമാധാനപ്രേമികളും അഫ്ഗാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരുമാണ്. രാജ്യത്തിന്റെ അതിര്‍ത്തികളും ദേശീയ താല്‍പര്യവും അഫ്ഗാനിസ്താന്‍ സംരക്ഷിക്കും സൈനികലക്ഷ്യങ്ങള്‍ കൈവരിച്ചു. സുഹൃത്തുക്കളായ ഖത്തറും സൗദി അറേബ്യയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് പോരാട്ടം അത് നിര്‍ത്തിവെച്ചത്. തങ്ങള്‍ക്ക് നല്ല ബന്ധങ്ങളും സമാധാനവും മാത്രമേ വേണ്ടതുള്ളൂ. പാകിസ്താന് സമാധാനം വേണ്ടെന്നാണെങ്കില്‍ അഫ്ഗാനിസ്താന് മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്-മുത്തഖി മുന്നറിയിപ്പ് നല്‍കി

സംയുക്ത പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അഫ്ഗാനിസ്താന്‍ ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യമാണ് എന്ന് പ്രസ്താവിച്ചതും പാകിസ്താന് നെഞ്ചിടിപ്പേറ്റിയിട്ടുണ്ട്. നിലവില്‍ ശരിക്കും ഇന്ത്യയും അഫ്ഗാനിസ്താനുമായി അതിര്‍ത്തിയില്ല. പക്ഷേ, പാക്കധീന കശ്മീരിലെ ഗില്‍ഗിത്-ബള്‍ട്ടിസ്താന്‍ പ്രദേശവും അഫ്ഗാനിസ്താനുമായി 108 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയുണ്ട്. വഖാന്‍ ഇടനാഴി എന്നറിയപ്പെടുന്ന ഈ പ്രദേശം കാബൂളുമായി ബന്ധിപ്പിക്കുന്നതാണ്. ജയശങ്കറിന്റെ അതിര്‍ത്തി പരാമര്‍ശവും മുത്തഖിയുടെ മൗനം കൊണ്ടുള്ള പിന്തുണയും പിഒകെ പിടിക്കാന്‍ താലിബാന്റെ മൗനസമ്മതമുണ്ടെന്നു സൂചിപ്പിക്കുന്നതായി ചില വലതുപക്ഷ ഹാന്‍ഡിലുകള്‍ വെച്ചുകാച്ചുന്നുണ്ട്. എന്തായാലും, ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടെ വരുന്ന ഇത്തരം പ്രസ്താവനകളുടെ സൂക്ഷ്മാര്‍ഥം ചികയുകയാണ് പാകിസ്താന്‍.

അതുപോലെയാണ് അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍. സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച ഈ കൂറ്റന്‍ വ്യോമത്താവളം പിന്നീട് അമേരിക്കയുടെ കൈവശമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വ്യോമതാവളം തങ്ങള്‍ക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. സമീപസ്ഥമായ ഷിന്‍ജാങിലെ ചൈനീസ് ആണവമിസൈല്‍ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ ഈ വിമാനത്താവളം സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. പക്ഷേ, ഒരു കാരണവശാലും വ്യോമതാവളം വിട്ടുകൊടുക്കില്ലെന്നായിരുന്നു താലിബാന്‍ പ്രതികരണം. ഇപ്പോള്‍ ബഗ്രാം പരിപാലിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്നും അത് താലിബാന്‍ അനുവദിച്ചേക്കും എന്നും കേള്‍ക്കുന്നു. നടന്നാല്‍ ഇന്ത്യയ്ക്ക് മധ്യേഷ്യയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാകും.

നേരത്തേ, അഫ്ഗാനിസ്താനിലെ ലിഥിയം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളെയും ധാതുവിഭവങ്ങളെയും ഖനനം ചെയ്യാന്‍ മുത്തഖി ഇന്ത്യയെ ക്ഷണിച്ചു. (ഒരു ലക്ഷം കോടി മൂല്യമുണ്ടെന്നു കരുതപ്പെടുന്നു ഇവയ്ക്ക്.) ചൈന വളരെ താല്പര്യത്തോടെ നോക്കുന്ന പ്രകൃതിവിഭവങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത്. ഇന്ത്യയെ ഉറ്റസുഹൃത്ത് എന്ന് വിശേഷിപ്പിച്ച മുത്തഖി, ഭാരതം ചെയ്തുവരുന്ന സഹായങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യാവിരുദ്ധമായ ഒരു നടപടിയും അഫ്ഗാന്‍ മണ്ണില്‍ നടക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ശക്തിയായി അപലപിച്ചതിനും ഇന്ത്യന്‍ ജനതയും സര്‍ക്കാരുമായും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും ഇന്ത്യന്‍ വിദേശമന്ത്രി എസ്. ജയശങ്കര്‍ താലിബാന് നന്ദി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അഖണ്ഡതയെയും പരസ്പരം പിന്തുണയ്ക്കുമെന്നും സംയുക്ത പ്രസ്താവനയിലുണ്ട്. ഇത് പാകിസ്താനെ അരിശം കൊള്ളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കശ്മീരിനെ പരാമര്‍ശിച്ചത്.

സംയുക്ത പ്രസ്താവനയെ പിന്തുണച്ചത് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയങ്ങളുടെയും ജമ്മു കശ്മീരിന്റെ നിയമപരമായ തല്‍സ്ഥിതിയുടെയും ലംഘനമാണെന്ന് പറഞ്ഞ് പാകിസ്താന്‍ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. സംയുക്തപ്രസ്താവന പാകിസ്താന്റെ വികാരങ്ങള്‍ ഒട്ടും കണക്കിലെടുക്കാതെയാണെന്ന് അഫ്ഗാന്‍ അംബാസഡറെ വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്തു. കശ്മീരി ജനങ്ങളില്‍ നിന്നും താലിബാന്‍ അകന്നു പോവുകയാണെന്നും ചരിത്രത്തോടും മുസ്ലിം സമൂഹത്തോടും അനീതി കാട്ടുകയാണെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. അഫ്ഗാനിസ്താനിലെ അസ്വസ്ഥതകള്‍ക്ക് പാക് സൈനികമേധാവി അസിം മുനീര്‍ ഇന്ത്യയെ കുറ്റപ്പെടുത്തി. പാകിസ്താനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും- ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍വാല (കെപികെ), പിഒകെ- ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പഴയ രീതി ഇപ്പോള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല. മുസ്ലീം ലോകത്തു പോലും..

വിഷപ്പാമ്പുകള്‍ തിരിഞ്ഞുകൊത്തി, ഒറ്റപ്പെട്ട് പാകിസ്താന്‍

സ്വന്തം വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അവ അയല്‍പക്കക്കാരെ മാത്രമേ കടിക്കൂ, തങ്ങളെ തൊടില്ല എന്ന് കരുതരുതെന്ന് മുമ്പ് അമേരിക്കന്‍ വിദേശ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണ്‍ പാകിസ്താന് മുന്നറിയിപ്പു നല്‍കിയിരുന്നു. 90-കളില്‍ താലിബാന്റെ പിറവിക്ക് കാരണക്കാരായ പാകിസ്താന്‍ ഇപ്പോള്‍ അവരുമായി മുഖാമുഖം പൊരുതുന്ന അവസ്ഥയാണ്. 1980-കളില്‍ സോവിയറ്റ് യൂണിയനെ അഫ്ഗാന്‍ മുജാഹിദീനുകള്‍ വെള്ളം കുടിപ്പിക്കുന്ന കാലത്ത് സിഐഎയുമായുള്ള ചങ്ങാത്തത്തിലൂടെ പാകിസ്താന്‍ കോടിക്കണക്കിന് യുഎസ് ഡോളറുകളും സൗദി റിയാലുകളും വാരിക്കൂട്ടി. അതുപയോഗിച്ച് പഷ്തൂണ്‍ പോരാളികള്‍ക്ക് സൈനിക പരിശീലനം നല്‍കി, ആയുധമണിയിച്ചു. മാത്രമല്ല, ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന നാട്ടില്‍ നിന്നും പലായനം ചെയ്ത പതിനായിരങ്ങള്‍ക്ക് പാക് മണ്ണില്‍ അഭയവും നല്‍കി. ആ 'വിശുദ്ധയുദ്ധ'ത്തിന്റെ ചാരത്തില്‍ നിന്നാണ് താലിബാന്‍ പിറവിയെടുത്തത്.

താലിബാന്‍ 2021-ല്‍ അധികാരം തിരിച്ചുപിടിക്കുമ്പോള്‍ ഏറ്റവും സന്തോഷിച്ചത് പാകിസ്താനായിരുന്നു. അന്നേരം അവിടെയെത്തിയ അന്നത്തെ ഐഎസ്ഐ മേധാവി ഫൈസ് ഹമീദ് 'വിഷമിക്കേണ്ട, എല്ലാം ശരിയാവും' എന്ന് പറഞ്ഞതു വളരെ ആത്മവിശ്വാസത്തോടെയായിരുന്നു. പക്ഷേ, താലിബാന്‍ അധികാരത്തിലെത്തിയത് ടിടിപിയെ ആവേശം കൊള്ളിച്ചു. പാകിസ്താന്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ തിരക്കഥ മാറി. ബ്രിട്ടീഷുകാര്‍ 1893-ല്‍ വരച്ച ഡ്യൂറന്‍ഡ് രേഖ തുടക്കകാലം തൊട്ടുതന്നെ അഫ്ഗാനികള്‍ അംഗീകരിച്ചിരുന്നില്ല. പഷ്തൂണുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖൈബര്‍ പഖ്തൂണ്‍വാലയില്‍ സൈന്യവും ടിടിപിയുമായുള്ള ഏറ്റുമുട്ടലുകള്‍ പതിവായി. പോരാട്ടങ്ങള്‍ ശക്തിപ്പെട്ടതോടെ പാകിസ്താന് പട്ടാളത്തെ ഇറക്കേണ്ടി വന്നു. ആക്രമണങ്ങളില്‍ പലപ്പോഴും സ്ത്രീകളും കുട്ടികളുമൊക്കെ കൊല്ലപ്പെട്ടു. ദശകങ്ങളായി പാകിസ്താനില്‍ താമസിക്കുന്ന അഫ്ഗാന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ തുടങ്ങി. ഇതിനകം 80,000 പേരെ മടക്കി അയച്ചു. ഇതെല്ലാം ടിടിപിക്കാരുടെ ശൗര്യം കൂട്ടി. അഫ്ഗാനിലെ സുരക്ഷിതതാവളങ്ങള്‍ അവര്‍ക്ക് തുണയായി. 2025-ലെ ആദ്യത്തെ ഒന്‍പതുമാസം ടിടിപി ആക്രമണങ്ങളില്‍ 2,414 പേരാണ് മരിച്ചത്.

തങ്ങള്‍ രൂപീകരിച്ച് വളര്‍ത്തിക്കൊണ്ടു വന്ന താലിബാന്‍ എങ്ങനെയാണ് ഇത്രയും വലിയ ശത്രുവായതെന്ന് ആലോചിച്ച് പാകിസ്താന്‍ പണിപ്പെടേണ്ടി വരില്ല. പണത്തിനും സ്വാധീനത്തിനും വേണ്ടി ആരെയും ഒറ്റിക്കൊടുക്കുന്ന സമീപനമാണ് തുടക്കം മുതല്‍ അവരുടേത്. 2001 സെപ്തംബര്‍ 11-ന് അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തില്‍ നടന്ന ആക്രമണത്തിനുശേഷം ജോര്‍ജ് ബുഷിന്റെ ഭീകരതക്കെതിരായ യുദ്ധത്തില്‍ പങ്കാളിയായ പാകിസ്താന്‍ ഒരേസമയം യുഎസിനൊപ്പം നില്‍ക്കുകയും ഭീകര നേതാക്കളെ സംരക്ഷിക്കുകയും ചെയ്തു. 2011-ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ വെച്ച് അമേരിക്കന്‍ നേവി സീലുകള്‍ അല്‍ ഖ്വയ്ദ തലവന്‍ ഒസാമാ ബിന്‍ലാദനെ വെടിവച്ചു കൊന്നതോടെ പാകിസ്താന്റെ വിശ്വാസ്യത തന്നെ നഷ്ടമായി.

ഭീകരതയെ സംരക്ഷിക്കുന്ന വിഷയത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. ഇതിനിടെ പാകിസ്താനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ കൂടിക്കൂടി വന്നു. ഏതാനും വര്‍ഷങ്ങള്‍ എഫ്എടിഎഫിന്റെ (ഭീകരപ്രവര്‍ത്തനത്തിനായി വളഞ്ഞ വഴികളിലൂടെ പണം സ്വരൂപിക്കുന്നതു തടയാനുള്ള അന്താരാഷ്ട്ര സംഘടന) ഗ്രേ പട്ടികയില്‍ പാകിസ്താന്‍ പെട്ടത് കനത്ത തിരിച്ചടിയായി. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പണം കടം കൊടുക്കുന്നവര്‍ പറയുന്നതെന്തും ചെയ്യേണ്ട അവസ്ഥയിലാണ് രാജ്യം. ലോകത്തിന് പാകിസ്താനിലുള്ള വിശ്വാസം ഇടിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിലും നാമതു കണ്ടു. പാകിസ്താന്റെ പക്ഷം പിടിക്കാന്‍ തുര്‍ക്കിയും അസര്‍ബൈജാനും പോലുള്ള ഏതാനും രാജ്യങ്ങള്‍ മാത്രം. (ട്രംപിനെ കൂട്ടുന്നില്ല!) അഫ്ഗാന്‍ പ്രശ്നം വൈകാതെ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ പാകിസ്താന്റെ ഒരു രാജ്യമെന്ന രീതിയിലെ നിലനില്‍പ്പ് തന്നെ അപകടത്തിലായേക്കാം.