ലണ്ടൻ: കൊറോണ വൈറസിനെ കണ്ടുപിക്കാന്‍ നായ്ക്കളുടെ ഘ്രാണശക്തി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ സന്നദ്ധ സംഘടന. മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗപ്പെടുത്താമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമത്തിന് മുതിരുന്നത്. 

To advertise here,

മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന സംഘടന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദര്‍ഹാം യൂണിവേഴ്‌സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഇത്തരമൊരു ഉദ്യമത്തിന്‌ മുതിരുന്നത്. ആറാഴ്ചക്കുള്ളില്‍ നായ്ക്കളെ പരിശീലിപ്പിച്ച് പുറത്തിറക്കുമെന്നാണ് ഇവരുടെ അവകാശവാദം.ഇതിനായി ശാസ്ത്രജ്ഞരുടെ സഹായം തേടും.

പാര്‍ക്കിന്‍സണ്‍സ് രോഗം, ബാക്ടീരിയില്‍ ഇന്‍ഫക്ഷന്‍, കാന്‍സര്‍ എന്നിവ കണ്ടെത്താന്‍ ഇതിനു മുമ്പ് സ്‌നിഫര്‍ ഡോഗുകളെ ഇവര്‍ പരിശീലിപ്പിച്ചിരുന്നു. രോഗബാധിതരുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു പരിശീലനം നല്‍കിയിരുന്നത്.

ഈ നായ്ക്കള്‍ക്ക്് രോഗികളുടെ ശരീരോഷ്മാവ് ചെറിയ രീതിയില്‍ കൂടിയാല്‍ വരെ മണത്ത് കണ്ടുപിടിക്കാനുള്ള കഴിവുമുണ്ട്.

'നായ്ക്കള്‍ക്ക് കോവിഡ് 19 രോഗബാധ മണത്ത് കണ്ടുപിടിക്കാനാവും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം', മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സിന്റെ സ്ഥാപകന്‍ ക്ലെയര്‍ പറയുന്നു.

രോഗികളുടെ മണം എങ്ങനെ സുരക്ഷിതമായി ശേഖരിച്ച് നായ്ക്കള്‍ക്ക് നല്‍കാമെന്നത് മാത്രമാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെയും തിരിച്ചറിഞ്ഞ് ടെസ്റ്റിന്റെ ആവശ്യകതയുണ്ടോന്ന് പറയാന്‍ നായ്ക്കളെ ഉപയോഗപ്പെടുത്തിയാല്‍ കഴിയുമെന്നും ക്ലെയിര്‍ അവകാശപ്പെടുന്നു.

ശ്വാസോച്ഛ്വാസത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം തന്നെ ശരീരത്തിന്റെ സ്വതസിദ്ധമായ ഗന്ധത്തിന് മാറ്റം വരുത്താറുണ്ട്. അതിനാല്‍ തന്നെ കോവിഡ് 19 രോഗികളെ നായ്ക്കള്‍ക്ക് കണ്ടുപിടിക്കാനാവുമെന്ന് തന്നെയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും വെച്ചു പുലര്‍ത്തുന്ന പ്രതീക്ഷ.  വിമാനത്താവളത്തില്‍ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം വലിയ രീതിയില്‍ തടയാനാവുമെന്നും പ്രതീക്ഷ വെക്കുന്നുണ്ട്.

എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച കൊറോണ പകര്‍ച്ച വ്യാധിയില്‍ 22,920 പേരാണ് ലോകത്താകമാനമായി ഇതുവരെ മരിച്ചത്. അഞ്ച് ലക്ഷം പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

content highlights: In london dogs being trained to sniff Covid 19