മോസ്‌കോ: ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ഒടുവില്‍ 'കണ്ടെത്തി'. ഏറെ അകലെ ആര്‍ട്ടിക് പ്രദേശത്തുള്ള പീനല്‍ കോളനി വിഭാഗത്തില്‍ പെട്ട പോളാര്‍ വൂള്‍ഫ് ജയിലിലാണ് നവല്‍നി ഉള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ ഉണ്ടായിരുന്ന ജയിലില്‍ നിന്ന് കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. 

To advertise here,

തടവുകാരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി ഒറ്റപ്പെടുത്തി പാര്‍പ്പിക്കാനുള്ള പ്രത്യേക ജയിലുകളാണ് പീനല്‍ കോളനികള്‍. റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് അലക്‌സി നവല്‍നിയെ അധികൃതര്‍ ഇത്തരമൊരു ജയിലിലേക്ക് മാറ്റുന്നത്. തിരഞ്ഞെടുപ്പില്‍ സുഗമമായി വിജയിച്ച് അഞ്ചാം തവണയും പുതിന്‍ തന്നെ റഷ്യ ഭരിക്കുമെന്നാണ് വിലയിരുത്തല്‍. 

അലക്‌സി നവല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്‌സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനൽ കോളനിയിലാണ് നവല്‍നി ഉള്ളതെന്നും കിര പറഞ്ഞു. നവല്‍നിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേര്‍ത്തു. 

ആര്‍ട്ടിക് വൃത്തത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഖാര്‍പ്പിലെ ജനസംഖ്യ 5000 ആണ്. റഷ്യയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദൂരമായ കോളനികളിലൊന്നാണ് ഇത്. പൂജ്യം ഡിഗ്രിക്കും താഴെ താപനിലയുള്ള അവിടത്തെ ജീവിതം അതികഠിനമാണ്. അവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരം അപൂര്‍വ്വമാണ്. 

അലക്‌സി നവല്‍നിയെ ജീവനോടെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. നവല്‍നിയെയും മറ്റ് 600 രാഷ്ട്രീയതടവുകാരെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന റഷ്യയുടെ നടപടിയെ അമേരിക്ക അപലപിച്ചു. നവല്‍നിയെ അന്യായമായി തടവിലിട്ടതിനെ കുറിച്ച് തങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. നവല്‍നിയെ നിരുപാധികം മോചിപ്പിക്കണമെന്നും യു.എസ്. ആവശ്യപ്പെട്ടു. 

അലക്‌സി നവല്‍നിയുടെ ജയില്‍മാറ്റത്തെ ഫ്രാന്‍സ് അപലപിച്ചു. റഷ്യ ചെയ്തത് മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഫ്രഞ്ച് വിദേശകാര്യ വക്താവ് പറഞ്ഞു. 

തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നി 2020-ല്‍ വധശ്രമം നേരിട്ടിരുന്നു. സൈബീരിയയില്‍ നിന്ന് മോസ്‌ക്കോയിലേക്ക് യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് അദ്ദേഹം അബോധാവസ്ഥയിലായി. പുതിന്റെ അറിവോടെ അദ്ദേഹത്തിന് വിഷം നല്‍കുകയായിരുന്നു എന്നാണ് നവല്‍നിയോട് അടുപ്പമുള്ളവര്‍ ആരോപിച്ചത്. പക്ഷേ, ആരോപണങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞു. 

തുടര്‍ന്ന് ജര്‍മന്‍ സന്നദ്ധസംഘടനയായ സിനിമ ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ ബെര്‍ലിനില്‍ ചികിത്സ നല്‍കിയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 32 ദിവസമാണ് നവല്‍നി ആശുപത്രിയില്‍ കഴിഞ്ഞത്. പിന്നാലെ, തടവിലേക്ക് മാറ്റി. 

2021 മുതല്‍ വഞ്ചനാകുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചുവരികയാണ് അദ്ദേഹം. പതിനൊന്നര വര്‍ഷത്തെ തടവാണ് കോടതി ആദ്യം വിധിച്ചത്. പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ തീവ്രവാദസംഘടനകള്‍ക്ക് സഹായധനം നല്‍കിയെന്നാരോപിച്ച് 19 വര്‍ഷത്തെ അധികതടവിന് ശിക്ഷിച്ചു. ഏറ്റവും ഒടുവിലാണ് ജയിലില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനാകുന്നത്.