
മെക്‌സിക്കോ സിറ്റി: സൈന്യം ഏറ്റുമുട്ടലിൽ വധിച്ച കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയത്തലവൻ നെമെസീയോ ഒസെഗ്വേര എന്ന 'എൽ മെഞ്ചോ'യ്ക്ക് വിനയായത് കാമുകിയുടെ നീക്കങ്ങളെന്ന് റിപ്പോർട്ട്. കാമുകിയുടെ നീക്കങ്ങൾ പിന്തുടർന്നാണ് മെക്‌സിക്കൻ സൈന്യം എൽ മെഞ്ചോയുടെ ഹലിസ്‌കോയിലെ തപൽപയിലെ ഒളിത്താവളം കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് എൽ മെഞ്ചോ ഒളിത്താവളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സൈന്യം ഇവിടെ വളയുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.
സിജെഎൻജി കാർട്ടലിന്റെ തലവനായ എൽ മെഞ്ചോയുടെ കാമുകിയുടെ വിശ്വസ്തനായ ഒരു കൂട്ടാളിയെ അന്വേഷണ ഏജൻസികളും ഇന്റലിജൻസ് വൃത്തങ്ങളും നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇവരുടെ നീക്കങ്ങളെല്ലാം അന്വേഷണ ഏജൻസികൾ പിന്തുടർന്നു. കഴിഞ്ഞ ദിവസം എൽ മെഞ്ചോയെ കാണാനായി കാമുകിയും കൂട്ടാളിയും ഒരുമിച്ചാണ് തപൽപയിലെ ഗ്രാമപ്രദേശത്തെ രഹസ്യകേന്ദ്രത്തിലേക്ക് പോയത്. കാമുകി ഗ്രാമത്തിലേക്ക് പോകുന്നതും അന്വേഷണ ഏജൻസികൾ പിന്തുടർന്നിരുന്നു. ഒരു രാത്രി മുഴുവൻ കാമുകി എൽ മെഞ്ചോയ്‌ക്കൊപ്പം ഇവിടെ ചിലവഴിച്ചു. തുടർന്ന് കാമുകി പുറത്തുപോയി. ഇതോടെ എൽ മെഞ്ചോ ഇവിടെയുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. കാമുകി പുറത്തുപോയതോടെ എൽ മെഞ്ചോയെ പിടികൂടാനുള്ള അന്തിമപദ്ധതികൾക്ക് സൈന്യം രൂപം നൽകി. മെക്‌സിക്കൻ സൈന്യത്തിന്റെയും നാഷണൽ ഗാർഡിന്റെയും യൂണിറ്റുകൾ പ്രദേശം വളഞ്ഞു. ഇതേസമയം, ഹലിസ്‌കോയിലെ അതിർത്തികളിൽ ആറ് സൈനിക ഹെലികോപ്റ്ററുകളും വട്ടമിട്ട് പറന്നു. പിന്നാലെ സൈന്യം എൽ മെഞ്ചോയെ ലക്ഷ്യമിട്ടുനീങ്ങി. ഇതോടെ എൽ മെഞ്ചോയും കൂട്ടാളികളും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ശക്തമായതോടെ എൽ മെഞ്ചോയും രണ്ട് അംഗരക്ഷകരും വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കനത്ത ഏറ്റുമുട്ടലിൽ എൽ മെഞ്ചോയും അംഗരക്ഷകരും വെടിയേറ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും മെക്‌സിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ റിക്കാർഡോ ട്രെവില്ല മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് വടക്കൻ മെക്‌സിക്കോയിലായിരുന്ന പ്രസിഡന്റിനെ തത്സമയം ദൗത്യത്തിന്റെ വിവരങ്ങൾ അറിയിച്ചിരുന്നതായും പ്രതിരോധന സെക്രട്ടറി വ്യക്തമാക്കി.
എൽ മെഞ്ചോയ്‌ക്കെതിരായ സൈനികനീക്കത്തിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും സുരക്ഷാ സേനാംഗങ്ങളും കാർട്ടൽ അംഗങ്ങളും ഉൾപ്പെടെ 70-ലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹലിസ്‌കോയിൽ മാത്രം 25 നാഷണൽ ഗാർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സെക്യൂരിറ്റി സെക്രട്ടറി ഒമർ ഗാർസിയ ഹർഫുച്ച് അറിയിച്ചു.
എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ കാർട്ടൽ അംഗങ്ങൾ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. എൽ മെഞ്ചോയുടെ കൂട്ടാളിയായ എൽ തുലി കൊല്ലപ്പെടുന്ന ഓരോ സൈനികനും 20,000 പെസോ വീതം വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനോടുള്ള പ്രതികാര ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായിരുന്നു ഈ വാഗ്ദാനം. എന്നാൽ പിന്നീട് നടന്ന ഏറ്റുമുട്ടലിൽ 'എൽ തുലി'യെയും സൈന്യം വധിച്ചു. ഇയാളിൽ നിന്ന് 1.4 മില്യൺ യുഎസ് ഡോളറും ആയുധങ്ങളും പിടിച്ചെടുത്തു.
എൽ മെഞ്ചോയ്‌ക്കെതിരായ ഓപ്പറേഷനിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡി ഷെയ്ൻബോം പ്രതികരിച്ചത്. ഒളിവാത്തവളം സ്ഥിരീകരിക്കാൻ സഹായിക്കുന്ന രഹസ്യാന്വേഷണവിവരങ്ങളാണ് അമേരിക്ക കൈമാറിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെക്‌സിക്കോയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുകയെന്നതാണ് ഇപ്പോൾ പ്രധാനമെന്നും ഇന്ന് സ്ഥിതിഗതികൾ കൂടുതൽ ശാന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.
Content Highlights: Mexican army confirms death of notorious drug lord `El Mencho` after his lover`s movements led to his hideout. Details of the operation and aftermath.
Published: 24 Feb 2026, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented