മെക്‌സിക്കോയിലെ ജാലിസ്‌കോ ന്യൂ ജനറേഷൻ (സിജെഎൻജി) എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ'യെ സൈന്യം കൊലപ്പെടുത്തിയതോടെ രാജ്യം കലുഷിതമായിരിക്കുകയാണ്. ഇയാളുടെ അനുയായികൾ രാജ്യമാകെ കലാപം അഴിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ആരാകും എൽ മെൻചോയുടെ പിൻഗാമിയെന്ന ചർച്ചയും സജീവമാകുന്നത്. ഇയാളുടെ കുടുംത്തിലേക്കാണ് എല്ലാ കണ്ണുകളും ഇപ്പോൾ ഉറ്റുനോക്കുന്നത്.

To advertise here,

1996-ൽ റൊസാലിൻഡ ഗോൺസാലെസ് വലെൻസിയ എന്ന സ്ത്രീയെ എൽ മെൻചോ വിവാഹം ചെയ്തിരുന്നു. സിജെഎൻജിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റൊസാലിൻഡയുടെ ലോസ് കുയ്‌നിസ് കുടുംബമാണ്. 2018-ൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ട്. റുബെൻ ഒസെഗ്വേര ഗോൺസാലെസ് (എൽ മെൻചിറ്റോ), ജെസീക്ക ജൊഹന്ന ഒസെഗ്വേര, ലൈഷ ഒസെഗ്വേര എന്നീ മൂന്ന് മക്കളാണ് എൽ മെൻചോയ്ക്കും റൊസാലിൻഡയ്ക്കുമുള്ളത്. ഇവരിൽ ജെസീക്കയാകും എൽ മെൻചോയുടെ കാർട്ടലിന്റെ തലപ്പത്തേക്ക് അടുത്തതായി എത്തുക എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. 

ആരാണ് ജെസീക്ക ജൊഹന്ന ഒസെഗ്വേര?

കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിലാണ് എൽ മെൻചായുടെ മകൾ ജെസീക്ക ജനിച്ചത്. ഹൈസ്‌കൂൾ വിദ്യാഭ്യാസകാലത്ത് യുഎസ്സിൽ നിന്ന് മെക്‌സിക്കോയിലേക്ക് മാറി. മെക്‌സിക്കോയിലെ വാദലഹാര (Guadalajara) സർവകലാശാലയിൽ നിന്ന് മാർക്കറ്റിങ്ങിൽ ബിരുദം നേടിയ ജെസീക്ക 'ലാ നെഗ്ര' എന്നാണ് അറിയപ്പെടുന്നതെന്ന് എൽഎ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ്സിലും മെക്‌സിക്കോയിലുമായി ഇരട്ട പൗരത്വമുണ്ട് ഈ 39-കാരിക്ക്. പിതാവിന്റെ മയക്കുമരുന്ന് കാർട്ടലുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎസ്സിൽ 30 മാസത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട് ജെസീക്ക. 2021-ലായിരുന്നു ഇത്. മയക്കുമരുന്ന് കടത്തുന്നുവെന്ന് കണ്ടെത്തിയ മെക്‌സിക്കൻ കമ്പനികളുമായി അറിഞ്ഞുകൊണ്ട് സാമ്പത്തിക ഇടപാടുകൾ നടത്തി എന്നതായിരുന്നു ജെസീക്കയ്‌ക്കെതിരായ കുറ്റം.

വാഷിങ്ടൺ ഡിസിയിൽ വെച്ച് 2020 ഫെബ്രുവരിയിലാണ് ജെസീക്ക അറസ്റ്റിലാകുന്നത്. സഹോദരന്റെ ക്രിമിനൽ കേസിന്റെ വാദത്തിനായി മെക്‌സിക്കോയിൽ നിന്ന് യുഎസ്സിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സിജെഎൻജി അംഗമെന്ന നിലയിൽ ചെയ്ത അഞ്ച് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഈ കുറ്റങ്ങളെല്ലാം ജെസീക്ക സമ്മതിച്ചിരുന്നു. 30 മാസത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും 25 മാസം പൂർത്തിയാക്കിയപ്പോൾ 2022-ൽ ജെസീക്ക ജയിൽമോചിതയായി.

ഫെബ്രുവരിയിലെ വലിയ നോമ്പ് ദിവസമാണ് ജെസീക്ക അറസ്റ്റിലാകുന്നത്. ആ സമയം നോമ്പിന്റെ ഭാഗമായി ചാരം കൊണ്ട് വരച്ച കുരിശടയാളം ജെസീക്കയുടെ നെറ്റിയിൽ ഉണ്ടായിരുന്നു. കടുത്ത മതവിശ്വാസിയാണ് ഇവരെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. റോളക്‌സ് വാച്ച്, ലൂയി വിറ്റൺ കോട്ട് ഹെർമെസ് ബാഗ് എന്നിവയെല്ലാമാണ് അറസ്റ്റ് സമയത്ത് ജെസീക്കയുടെ പക്കലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.