സനാ: ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം പശ്ചിമേഷ്യയെ ഒന്നടങ്കം യുദ്ധക്കെടുതിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഇറാന്റെ എണ്ണ സംഭരണശാലകളിലും റിഫൈനറികളിലും ഇസ്രയേൽ ആദ്യമായി നേരിട്ട് ആക്രമണം നടത്തിയതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലും, ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതി വിമതർ നിലവിൽ നേരിട്ടുള്ള യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നത് ശ്രദ്ധേയമാണ്. മുൻകാല ചരിത്രം പരിശോധിച്ചാൽ ഹൂതികളുടെ ഈ നിശബ്ദത അത്ഭുതപ്പെടുത്തുന്നതാണ്. ഇതിന് പിന്നിൽ പലവിധ കാരണങ്ങളാണ് പ്രതിരോധ രംഗത്തുള്ളവർ നിരത്തുന്നത്. അതിൽ പ്രധാനം ഇസ്രയേൽ തങ്ങളുടെ നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കാമെന്ന ഭീതിയാണെന്നതാണ് പ്രധാന കാരണം.

To advertise here,

ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തിരിച്ചടിയും തങ്ങളുടെ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഹൂതികൾ ഭയപ്പെടുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സനായിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശങ്ങളിലെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയുൾപ്പെടെ 12 മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരം നഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിലവിൽ ഹൂതികൾ വിട്ടുനിൽക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.

അതേസമയം, നേരിട്ടുള്ള ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും, തങ്ങൾ യുദ്ധത്തിന് സജ്ജമാണെന്നാണ് ഹൂതി തലവൻ അബ്ദുൽ മാലിക് അൽ-ഹൂതി വ്യക്തമാക്കുന്നത്. തങ്ങളുടെ കൈകൾ 'ട്രിഗറിൽ' തന്നെയാണെന്നും ഏതു നിമിഷവും യുദ്ധത്തിലേക്ക് കടക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹൂതികൾ ഇറാന്റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും തങ്ങളുടെ സൈനികശേഷി വരുംഘട്ടങ്ങളിലേക്ക് കരുതിവെക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുദ്ധം തുടരുകയാണെങ്കിൽ യുഎസിന്റെയും ഇസ്രയേലിന്റെയും ശ്രദ്ധ തിരിക്കാൻ ഇവരെ ഇറാൻ ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. യുദ്ധം തുടരുകയാണെങ്കിൽ ഇസ്രയേൽ, അമേരിക്കൻ യുദ്ധക്കപ്പലുകൾ, മേഖലയിലെ ഇസ്രായേൽ പങ്കാളികളായ യുഎഇ, സോമാലിലാൻഡ് എന്നിവ ഹൂതികളുടെ ലക്ഷ്യമായേക്കാം. കൂടാതെ ചെങ്കടലിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശേഷിയും അവർക്കുണ്ട്.

നിലവിലെ യുദ്ധത്തിൽ ഇറാൻ ദുർബലപ്പെട്ടാൽ അത് ഹൂതികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. ഇറാന്റെ സൈനിക കരുത്ത് കുറയുന്നത് ഹൂതികളിലേക്കുള്ള നിയമവിരുദ്ധമായ ആയുധക്കടത്ത് തടസ്സപ്പെടാൻ കാരണമായേക്കും. റഷ്യ, ചൈന, ഇറാൻ എന്നിവിടങ്ങളിൽ നിർമ്മിച്ച ആയുധങ്ങൾ യെമനിലേക്ക് കടത്തുന്നുണ്ടെന്ന് യുഎൻ മുൻപ് കണ്ടെത്തിയിരുന്നു. ഇറാന്റെ തകർച്ച തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഹൂതികൾ ഭയപ്പെടുന്നുണ്ട്.

അതേസമയം, യെമന്റെ തലസ്ഥാനമായ സനായിലെ സാധാരണ ജനങ്ങൾ വലിയ ആശങ്കയിലാണ്. യുദ്ധം ഏതു നിമിഷവും തങ്ങളുടെ നാട്ടിലേക്കും പടരാമെന്ന ഭീതിയിൽ ജനങ്ങൾ ഭക്ഷ്യവസ്തുക്കളും പാചകവാതകവും ശേഖരിച്ചു വെക്കുകയാണ്.