കീവ്: യുക്രൈനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മന്ത്രി ഉള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ മാറി ബ്രോവറിയിലാണ് അപകടം. ഒരു കിന്റര്‍ഗാര്‍ഡന്‍നു സമീപത്തേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. 

To advertise here,

യുക്രൈന്‍ മന്ത്രിസഭാംഗങ്ങള്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. യുക്രൈന്‍ ആഭ്യന്തര മന്ത്രിയായ ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും സഹമന്ത്രി യെവ്‌ജെനി യെനിനും അപകടത്തില്‍ കൊല്ലപ്പെട്ടു. 42-കാരനായ മൊണാസ്റ്റിര്‍സ്‌കി 2021-ലാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിരണ്ടു പേരെ സമീപത്തെ ആശുപത്രിയിലാക്കി. 

 അപകട സമയം കിന്റര്‍ഗാര്‍ഡനില്‍ കുട്ടികളും ജീവനക്കാരുമുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല. ബ്രോവറിയില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയത്.