ന്യൂഡൽഹി: ഇസ്രയേലി ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും പലസ്തീനികളോട് മോശമായി പെരുമാറുന്നു എന്നാരോപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍, മെലിഞ്ഞുണങ്ങിയ ഇസ്രയേലി ബന്ദിയുടെ ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെയ്ക്ക് വിമര്‍ശനം. പലസ്തീന്‍ അനുഭാവികളെ ടാഗ് ചെയ്ത പോസ്റ്റില്‍ പോസ്റ്റില്‍, ഇസ്രയേല്‍ തടവിലുള്ള പലസ്തീനികളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇസ്രയേലി ബന്ദിയും ഉള്‍പ്പെട്ടത്. തടവിലുള്ളവരുടെ ദുരവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു ലക്ഷ്യം.

To advertise here,

'പലസ്തീന്‍ തടവുകാരുടെ ദുരിതം ക്രൂരതയുടെയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെയും യാഥാര്‍ത്ഥ്യമാണ്. മനുഷ്യത്വത്തിന് പക്ഷപാതം കാണിക്കാനാവില്ല. നീതിക്ക് അതിരുകളുണ്ടാകരുത്.' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ പൗരന്‍ എവ്യാതര്‍ ഡേവിഡിന്റെ ചിത്രം പലസ്തീന്‍ പൗരന്റേത് എന്ന് തെറ്റിദ്ധരിച്ചാണ് ഗ്രേറ്റ പങ്കുവച്ചത്. തൊട്ടുപിന്നാലെ ഗ്രേറ്റയെ വിമര്‍ശച്ചും പരിഹസിച്ചും ഒട്ടേറെ പേര്‍ രംഗത്തുവന്നു.

2023 ഒക്ടോബര്‍ ഏഴിന് സംഗീത പരിപാടിക്കിടെയാണ് എവ്യാതര്‍ ഡേവിഡിനെ ഹമാസ് തട്ടിക്കൊണ്ടുപോയത്. ഹമാസ് ഒരുക്കിയ ടണലിലാണ് ഡേവിഡിനെ പാർപ്പിച്ചിരുന്നത്‌. മണ്‍വെട്ടിപോലുള്ള ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്ന ഡേവിഡിന്റെ വീഡിയോ ഹമാസ് തന്നെയാണ് പുറത്ത് വിട്ടത്. മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറഞ്ഞിരുന്നു.

"ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണെന്നാണ്” വീഡിയോയില്‍ ഡേവിഡ് പറയുന്നത്.

ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ ഗ്രേറ്റയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇസ്രയേല്‍ ഉപരോധം ലംഘിച്ച് ഗാസയില്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടിലയുടെ 'ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില' ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തടയുകയായിരുന്നു. 470  പേരെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് ഭാഗികമായി പിന്മാറിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു.

കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കേണ്ടി വരും. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും.

ബന്ദികള്‍ക്ക് പകരമായി ഇസ്രയേല്‍ മോചിപ്പിക്കാനിരിക്കുന്ന പലസ്തീന്‍ സുരക്ഷാ തടവുകാരുടെ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രയേലില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം.

ഇതിനിടെ, കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി.