
ഗ്രെറ്റ ത്യുൻബെ മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം ഇസ്രയേൽ കസ്റ്റഡിയിൽ | ഫോട്ടോ: x.com/IsraelMFA
ടെല്‍ അവീവ്: ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി പുറപ്പെട്ട 'ഗ്ലോബൽ സുമുദ്' ബോട്ടുകളുടെ വ്യൂഹത്തെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഇസ്രയേൽ, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുന്‍ബെ അടക്കമുള്ളവരെ നാടുകടത്തുമെന്ന് അറിയിച്ചു. ഇവരെ ഇസ്രയേലിലേക്ക് കൊണ്ടുപോയതായും അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗ്രേറ്റയുടെയും മറ്റ് പ്രവർത്തകരുടെയും ചിത്രങ്ങളും ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്.
ഗാസയിൽ പട്ടിണി നേരിടുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ബോട്ടുകളുമായി 'ഗ്ലോബൽ സുമൂദ്' ഫ്ലോട്ടില്ല എന്ന ബോട്ടുകളുടെ വ്യൂഹം യാത്രതിരിച്ചത്. ഗ്രെറ്റ ത്യുന്‍ബെയെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെയുള്ളവർ ബോട്ടുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ആരംഭിച്ച ബോട്ടുകൾ ടുണീഷ്യയിൽ തങ്ങിയ ശേഷമാണ് യാത്ര തുടർന്നത്. സ്പെയിനിന്റെയും ഇറ്റലിയുടെയും നാവിക കപ്പലുകൾ ഈ ബോട്ടുകളുടെ വ്യൂഹത്തിന് സഹായത്തിനായി വിന്യസിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഇവരുടെ വ്യൂഹം ഗാസയില്‍ എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്.
ബുധനാഴ്ച രാത്രി 8:30-ഓടെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇസ്രയേൽ സൈന്യം അൽമ, സിറിയസ്, അദാര തുടങ്ങിയ ബോട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞതെന്ന് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. ബോട്ടുകളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
ബോട്ടുകൾ തടഞ്ഞതായി ഇസ്രയേൽ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതമായി ഇസ്രയേൽ തുറമുഖത്തേക്ക് മാറ്റുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയിലേക്കുള്ള യാത്ര തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബെഞ്ചമിൻ നെതന്യാഹു സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ടുണീഷ്യയിൽവെച്ച് ബോട്ടുകൾക്കുനേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നതായും വെടിവെപ്പുണ്ടായതായും സൂചിപ്പിക്കുന്ന വീഡിയോകൾ പുറത്തുവിട്ടിരുന്നുവെങ്കിലും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഇസ്രയേല്‍ ബോട്ടുകളുടെ വ്യൂഹത്തെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഗ്രീസ്, ഇറ്റലി, ടുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഇസ്രയേലി നയതന്ത്രജ്ഞരെയും പുറത്താക്കുകയും നടപടിയെ 'അന്താരാഷ്ട്ര കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇസ്രയേലുമായി 2020 മുതല്‍ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറും പെട്രോ റദ്ദാക്കി.
Published: 02 Oct 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented