ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിദേശത്തുനിന്ന് വിമാനത്തിൽ എത്തിയ കൊതുകുകളിൽനിന്ന് മലേറിയ ബാധിച്ച് രണ്ട് ജീവനക്കാർ മരിച്ചു. അതീവ ഗുരുതരമായ 'മലേറിയ ട്രോപ്പിക്ക' രോഗം ബാധിച്ച ആറ് ജീവനക്കാരിൽ രണ്ട് പേരാണ് മരിച്ചത്.
രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ആരും അടുത്തിടെയൊന്നും മലേറിയ പടരുന്ന വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ എത്തിയ രോഗവാഹകരായ കൊതുകുകൾ ജീവനക്കാരെ കടിച്ചതാകാം രോഗവ്യാപനത്തിന് കാരണമായതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. അപൂർവമായി സംഭവിക്കുന്ന ഈ രോഗബാധ 'എയർപോർട്ട് മലേറിയ' എന്നാണ് അറിയപ്പെടുന്നത്.
ഫ്രാങ്ക്ഫർട്ട് നഗരത്തിലെ ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ആദ്യ മരണം ജൂലൈ ആദ്യവാരത്തിലാണ് സംഭവിച്ചത്. എന്നാൽ ജീവനക്കാരൻ മരിച്ചതിന് ശേഷമാണ് മലേറിയ സ്ഥിരീകരിച്ചത്. രണ്ടാമത്തെ ജീവനക്കാരൻ ഓഗസ്റ്റിലാണ് മരണപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ച മറ്റ് നാല് പേർ നിലവിൽ ചികിത്സ തേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട്. ജർമനിയുടെ ഫെഡറൽ പബ്ലിക് ഹെൽത്ത് ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജൂലൈ പകുതിയോടെയാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്.
സാധാരണയായി ജർമനിയിൽ വിദേശരാജ്യങ്ങളിൽ പോയി മടങ്ങിയെത്തുന്നവരിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ യാത്രാ പശ്ചാത്തലമില്ലാത്ത ഈ കേസുകൾ അസാധാരണമാണെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. യാത്രാ പശ്ചാത്തലം ഇല്ലാത്തതിനാൽ രോഗനിർണയം വൈകുന്നത് ചികിത്സ പ്രതിസന്ധിയിലാക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി. 1950-കൾക്ക് ശേഷം ജർമനിയിൽ പ്രാദേശികമായി മലേറിയ പടരുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
രോഗവ്യാപനത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കൊതുകിനെ പിടിക്കാനുള്ള കെണികൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകൾ നൽകിയിട്ടുണ്ടെന്നും മലേറിയയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും വിമാനത്താവള വക്താവ് അറിയിച്ചു. കെണികളിൽ കുടുങ്ങുന്ന കൊതുകുകളെ ബെൽജിയത്തിലെ ആന്റ്വെർപിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിനിലേക്ക് അയക്കും. ഇതിലൂടെ കൊതുകുകളുടെ ഇനവും അവ എവിടെനിന്നാണ് എത്തിയതെന്നും കണ്ടെത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
പ്ലാസ്മോഡിയം പരാദങ്ങൾ അടങ്ങിയ അനോഫിലിസ് കൊതുകുകളാണ് മലേറിയ പടർത്തുന്നത്. പനി, വിറയൽ, തലവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളതാണ്.
Content Highlights: Two Frankfurt Airport employees died from severe malaria tropica contracted via mosquitoes on incoming flights., Four other infected employees are currently undergoing treatment and recovering., Infected employees had no recent travel history to malaria-endemic countries, pointing to airport malaria., Mosquito traps have been installed across Frankfurt Airport, and samples are sent for genetic testing in Belgium.
Published: 28 Aug 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented