ഗാസ: യുദ്ധത്തിന്റെ തീച്ചൂളയിൽ വെന്തുനീറിയ 730 ദിനരാത്രങ്ങൾ. എന്താണ് സംഭവിക്കുന്നതെന്നു നിശ്ചയമില്ലാതെ, രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ യുദ്ധക്കൊതിയുടെയോ ആഴമറിയാതെ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിലും കീറിപ്പറിഞ്ഞ കൂടാരങ്ങൾക്കടിയിലും പേടിച്ചരണ്ട് ഉറക്കം കാത്തുകിടക്കുന്നവർ. സ്ഫോടനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും കേട്ടുപരിചയിച്ച ഇരമ്പങ്ങൾക്കിടയിൽ വിശപ്പിന്റെ വിളിമാത്രം കേട്ടവർ, പിറന്നാളാഘോഷത്തിനുപകരം ശവസംസ്കാരച്ചടങ്ങുകൾമാത്രം കാണേണ്ടിവന്നവർ, ചേതനയറ്റ അമ്മയുടെ വയറുകീറി അനാഥത്വംപേറാൻ ഭൂമിയിൽ വിധിക്കപ്പെട്ടവർ, മുലപ്പാൽ നുണയാൻപോലും ഭാഗ്യംലഭിക്കാത്തവർ.
ഗാസയിലെ യുദ്ധം എന്താണ് ബാക്കിവെച്ചിരിക്കുന്നത്? വീടിരുന്നയിടം ചൂണ്ടിക്കാട്ടി എനിക്ക് അമ്മയെ വേണം എന്നു പറഞ്ഞുകരയുന്ന നാലുവയസ്സുകാരൻ ഒമർ അബു കുവൈക്കിനെപ്പോലെ ഒറ്റരാത്രികൊണ്ട് കുടുംബത്തിലെ സകലരും നഷ്ടപ്പെട്ട നൂറുകണക്കിനു കുരുന്നുകളെ. താനില്ലാതാകുംവരെ ഗാസയിലെ കാഴ്ചകൾ ലോകത്തെ കാണിക്കുമെന്നുപറഞ്ഞ് തകർന്നവീടിന്റെ ശേഷിക്കുന്ന ഭാഗം അലങ്കരിച്ചുവെച്ച് ഇൻസ്റ്റഗ്രാമിൽ ഡേ ഇൻ മൈ ലൈഫ് ചെയ്യുന്ന മുഹമ്മദ് ഹാതെമിനെപ്പോലെ യുദ്ധഭൂമിയിൽ സുധീരം ജീവിതത്തോട് പൊരുതുന്ന കൗമാരക്കാരെ. കാതങ്ങൾ നടന്ന് പരിക്കേറ്റ കുഞ്ഞുസഹോദരനും അമ്മയ്ക്കും കന്നാസുകളിൽ വെള്ളമെത്തിക്കുന്ന, ഭക്ഷണവിതരണകേന്ദ്രങ്ങളിൽ തിക്കിത്തിരക്കി ഒരുപിടി വറ്റുവാങ്ങാൻ ശ്രമിക്കുന്ന അനുഭവംകൊണ്ട് മുതിർന്നവരായ കുട്ടികളെ. ആകാശമാർഗമിട്ടുകൊടുക്കുന്ന പൊതികളിൽനിന്ന് ചിതറിത്തെറിച്ച അരിയും ഗോതമ്പും വാരിയെടുക്കുന്നവരെ...
ഗാസയുടെ ഭാവിയുടെ ഹൃദയസ്പന്ദനമായി കണക്കാക്കുന്ന അഞ്ചിനും 16-നുമിടയിൽ പ്രായമുള്ള കുട്ടികളുടെ കൂട്ടം ഗാസക്കാരെസംബന്ധിച്ച് നഷ്ടപ്പെട്ട ഒരു തലമുറയായിത്തീർന്നിരിക്കുന്നു. രണ്ടുവർഷമായിട്ടും തീരാത്ത ഗാസയിലെ യുദ്ധം കവർന്നത് 19,424 കുട്ടികളുടെ പ്രാണനാണ്. വീടും സ്കൂളുമെടുത്തതിനൊപ്പം അവരുടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശവുംകൂടെ യുദ്ധമെടുത്തുകളഞ്ഞു. പരിക്കേറ്റവരുടെ കണക്ക് അരലക്ഷത്തിലേറെയാണ്. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട 39,384 കുട്ടികളുണ്ട്. അതിൽത്തന്നെ 17,000 കുട്ടികൾക്ക് ഇരുവരും നഷ്ടപ്പെട്ടു. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ 100 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നെന്നാണ് യൂണിസെഫിന്റെ കണക്ക്. കാരണം ഇവരിൽ ഭൂരിഭാഗവും യുദ്ധംതുടങ്ങിയശേഷമുള്ള വറുതിക്കാലത്ത് ജനിച്ചുവീണവരാണ്. അതിൽത്തന്നെ 14,400 കുട്ടികൾ കടുത്തപോഷകാഹാരക്കുറവ് നേരിടുന്നുണ്ട്.
ഇവരെ ചികിത്സിക്കാനോ ഭക്ഷണംവാങ്ങാനോ പണമില്ലെന്നു പറഞ്ഞ് വ്യസനിക്കാനേ മാതാപിതാക്കൾക്കാവതുള്ളൂ. ഇതിനിടയിൽ ആക്രമണങ്ങൾ നേരിൽക്കണ്ടതിന്റെ മാനസികാഘാതം പേറുന്ന ആയിരക്കണക്കിന് കുരുന്നുകൾ വേറേ. സന്നദ്ധസംഘടനകളെത്തിക്കുന്ന കടലാസുകളിൽ ക്രയോണുകളുപയോഗിച്ച് അവർ വരയ്ക്കുന്നത് പൂക്കളും അരുവികളും സൂര്യനും ആട്ടിൻപറ്റങ്ങളുമൊന്നുമല്ല, മറിച്ച് യുദ്ധടാങ്കുകളും വിമാനങ്ങളുമൊക്കെയാണ്. കാരണം ഒാർമ്മവെച്ചതുമുതൽ അതിൽ മിക്കവരും ഇതൊക്കെയേ കണ്ടിട്ടുള്ളൂ. ഗാസയിലെ 95 ശതമാനം മരങ്ങളെയും പുൽച്ചെടികളെയും യുദ്ധം കരിയിച്ചുകളഞ്ഞു. ഈ കുരുന്നുകളുടെ ശരീരത്തിലേറ്റ മുറിവ് സുഖപ്പെടുത്താൻ കാലത്തിനു കഴിഞ്ഞാലും മനസ്സിലേറ്റ മുറിവുണക്കാൻ ആർക്കുസാധിക്കും.
Content Highlights: Gaza's Lost Generation: Two Years of War's Devastating Impact on Children
Published: 07 Oct 2025, 07:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented