ടെൽ അവീവ്: 15മാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഗാസയിൽ നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കുകയാണ് രക്ഷാപ്രവർത്തകർ. പതിനായിരത്തിലധികം മൃതദേഹങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉള്ളതായി ഭയപ്പെടുന്നുവെന്ന് ​ഗാസ സിവിൽ ഡിഫൻസ് ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.

To advertise here,

100 ദിവസത്തിനകം ഈ മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാസ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബാസൽ അറിയിച്ചു. ​ എന്നാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം ദൗത്യം വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​തെരുവുകളിലെ എല്ലാ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും മൃതദേഹങ്ങളുണ്ടെന്നാണ് സിവിൽ ഡിഫൻസ് ജീവനക്കാർ അറിയിക്കുന്നത്.

ഗാസയിലുള്ള 60 ശതമാനം കെട്ടിടങ്ങൾ തകർക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യു.എൻ നേരത്തേ കണക്കാക്കിയിരുന്നു. യു.എൻ വേൾസ് ഫുഡ് പ്രോ​ഗ്രാമിന്റെ കണക്കനുസരിച്ച്, യുദ്ധം 20 ലക്ഷത്തിലധികം ​ഗാസക്കാരെ ഭവനരഹിതരാക്കി എന്നാണ് പറയുന്നത്. വരുമാനം ഇല്ലാതെ, ഭക്ഷണത്തിന് പൂർണമായും സഹായം തേടേണ്ട അവസ്ഥയിലാണ് ​ഗാസയിലെ ജനങ്ങൾ.  

വെടിനിർത്തലിന് പിന്നാലെ 670  ട്രക്കുകൾ ​ഗാസയിലേക്ക് പ്രവേശിച്ചതായി യുഎൻ അറിയിച്ചു.സഹായ സാമഗ്രികളുൾപ്പെടെയുള്ളയാണ് ട്രക്കുകളിലുള്ളത്.  വെടിനിർത്തൽ കരാറിനെ പ്രതീക്ഷയുടെ കിരണമായി കാണുന്നുവെന്നും സ്വാ​ഗതം ചെയ്യുന്നുവെന്നും തിങ്കളാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സംസാരിക്കവെ, സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. 

ആദ്യഘട്ട വെടിനിർത്തലിനുപിന്നാലെ, 33 ബന്ദികളിൽ  മൂന്നു പേരെ ഹമാസ് ഞായറാഴ്ച വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരെ  ഘട്ടം ഘട്ടമായി മോചിപ്പിക്കും.15 മാസം നീണ്ട യുദ്ധത്തിൽ, 46900 പേർ മരിക്കുകയും 110700 പേർക്ക് പരിക്കേറ്റെന്നുമാണ് പലസ്തീൻ ആരോ​ഗ്യ മന്ത്രാലയം കണക്കാക്കുന്നത്.  മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെ ഞായറാഴ്ചയാണ് വെടിനിർത്തൽ കരാർ നിലവിൽവന്നത്. ഖത്തർ, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിർത്തൽക്കരാർ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചത്‌.