ഡെയ്ർ അൽ ബലാ: വെടിനിർത്തൽ നിലവിൽവന്ന് 44 ദിവസം പിന്നിടുന്നതിനിടെ ഗാസയിൽ 497 തവണ ഇസ്രയേൽ കരാർലംഘനം നടത്തിയതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ നൂറുകണക്കിനുപേർ കൊല്ലപ്പെട്ടതായി ഗാസ സർക്കാറിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഒക്ടോബർ പത്തിന് വെടിനിർത്തൽ നിലവിൽവന്ന ഗാസയിൽ ശനിയാഴ്ച മാത്രം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ മരിച്ചു. 54 പേർക്ക് പരിക്കേറ്റു. ഇതിനകം 342 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുതായാണ് റിപ്പോർട്ട്.

ശനിയാഴ്ച ഗാസാസിറ്റിയിലൂടെ പോകുകയായിരുന്ന വാഹനത്തെ ലക്ഷ്യമിട്ടുനടത്തിയ ആക്രമണത്തിലാണ് 11 പേർ മരിച്ചതെന്ന് ശിഫാ ആശുപത്രി എംഡി റാമി എംഹന്ന പറഞ്ഞു. മധ്യ ഗാസയിലെ അൽ അവ്ദ ആശുപത്രിക്കടുത്തുള്ള വീടിനുനേരേയുണ്ടായ ആക്രമണത്തിൽ മൂന്നുപേരും നുസെയ്റത്ത് ക്യാമ്പിലെ വീടിനുനേരേയുണ്ടായ ആക്രമണത്തിൽ ഏഴുപേരും മരിച്ചു. ഡെയ്‌ർ അൽ ബലായിലും വീടാണ് ഇസ്രയേൽസൈന്യം ലക്ഷ്യമിട്ടത്. ഇവിടെ മൂന്നുപേർ മരിച്ചെന്ന് അൽ അഖ്സ ആശുപത്രിയധികൃതർ പറഞ്ഞു.

ഹമാസിനുനേരേയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽസൈന്യം അവകാശപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ 33 പലസ്തീൻകാർ മരിച്ചു.

ആക്രമണം തുടരുന്നതിനൊപ്പം അവശ്യ സേവനങ്ങൾ ഗാസയിലെത്തുന്നത് ഇസ്രയേൽ തടയുന്നുമുണ്ട്. ഇസ്രയേൽ അധിനിവേശ പ്രദേശത്ത് ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടുവെന്നും ഇതിന്റെ പ്രതികാരമായാണ് തിരിച്ചുള്ള ആക്രമണമെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. പ്രതികാരമായി അഞ്ച് ഹമാസ് പ്രവർത്തകരെ കൊലപ്പെടുത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.