ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ കുടുങ്ങി മലയാളികൾ. മലപ്പുറം എ.ആർ നഗറിലെ അഫ്സൽ, മലപ്പുറം കോട്ടക്കൽ മുഹമ്മദ് എന്നിവരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ജോലിയുടെ ഭാഗമായി ദുബായിൽ നിന്നാണ് ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയത്. ഞായാറാഴ്ച മടങ്ങാനിരിക്കെയായിരുന്നു സംഘർഷം ആരംഭിച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോഴുള്ള സ്ഥലത്ത് തുടരാനാണ് അവർ ആവശ്യപ്പെട്ടതെന്ന് ഇരുവരും ഇറാനിൽ നിന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. 

To advertise here,

ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ജോലിയുടെ ഭാഗമായാണ് ഇറാനിൽ എത്തിയത്. രണ്ടു ദിവസത്തെക്കായിരുന്നു ഇറാൻ യാത്ര. ടെഹ്റാനിലെ പാർസിൽ ഒരു ഹോട്ടലിലായിരുന്നു താമസം. ഞായറാഴ്ച തിരികെ പോകാനിരിക്കെ സംഘർഷം രൂക്ഷമാവുകയായിരുന്നു. കൺമുമ്പിൽ മരണത്തെകണ്ട നിമിഷമായിരുന്നു കഴിഞ്ഞു പോയതെന്ന് അഫ്സൽ പറയുന്നു.

'സംഘർഷം ആരംഭിച്ചതിന് പിന്നാലെ ടെഹ്റാനിൽ കാര്യമായി ഗതാഗത സൗകര്യമില്ലെങ്കിലും ഇടയ്ക്കിടെ യൂബർ പോലുള്ള വാഹനങ്ങൾ ലഭിക്കുമായിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. എന്നാൽ ആദ്യം ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഇന്ത്യൻ എംബസി മാറ്റിയിരുന്നു. ഈ വിവരം എംബസിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ട് അവർ പെട്ടുപോയി. പിന്നീട് എംബസി സ്ഥിതി ചെയ്യുന്ന പുതിയ സ്ഥലത്തേക്ക് പോകാനിരിക്കെ കേവലം നൂറ് മീറ്ററർ അകലത്തിൽ വൻ സ്ഫോടനമുണ്ടായി. മുന്നിലും ഇരു വശങ്ങളിലുമായിരുന്നു പൊട്ടിത്തെറി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ എല്ലാവരും ഓടി രക്ഷപ്പെടാൻ തുടങ്ങി. തൊട്ടടുത്ത് തന്നെ ഭൂഗർഭ മെട്രോ ഉണ്ടായിരുന്നു. അത് ലക്ഷ്യമിട്ടായിരുന്നു ജനങ്ങൾ ഓടിയത്. ഞങ്ങളും ആ ഭാഗത്തേക്ക് ഓടി. അവിടെ എത്തിയതോടെയാണ് സുരക്ഷിതരായത്'- അഫ്സൽ പറഞ്ഞു. അപ്പോഴേക്കും വാർത്തകൾ ഇറാൻ ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മിസൈൽ വർഷത്തിന് പിന്നാലെ ടെഹ്റാനിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് മുറിയിൽ ഭീതിയുടെ നിമിഷങ്ങളായിരുന്നു. തലയ്ക്ക് മുകളിൽ മിസൈൽ, തൊട്ടടുത്ത ഇടങ്ങളിൽ  പതിക്കുന്നതിന്റെ ശബ്ദവും വെളിച്ചവും. ഇന്ത്യൻ എംബസിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത്, ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് തന്നെ സുരക്ഷിതമായിരിക്കൂ എന്നായിരുന്നു. എന്നാൽ അവിടെ തുടർന്നാൽ ജീവൻ പോലും കിട്ടില്ലെന്ന് ഉറപ്പായിരുന്നു. പ്രാദേശിക സുഹൃത്ത് ടെഹ്റാനിൽ നിന്ന് കുടുംബസമേതം മറ്റൊരിടത്തേക്ക് മാറിപ്പോകുന്നുണ്ടായിരുന്നു. അവരുടെ കൂടെ ഞങ്ങളും കൂടി. 

തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ടെഹ്റാനിൽ നിന്ന് യസ്ദിലേക്ക് പുറപ്പെട്ടത്. പത്ത് മണിക്കൂറോളം നീണ്ട യാത്രയായിരുന്നു അത്. കാറിലൂടെയായിരുന്നു യാത്ര. പുലർച്ചെ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇറാനിൽ നിന്ന് ഇസ്രയേലിലേക്കും ഇസ്രയേലിൽ നിന്ന് ഇറാനിലേക്കും മിസൈൽ വർഷം നടന്നുകൊണ്ടേയിരുന്നു. അതിനിടയിൽ കൂടിയായിരുന്നു ഞങ്ങളുടെ യാത്ര. ഓരോ നിമിഷവും മരണം മുമ്പിൽ കണ്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്. പത്തിമണിക്കൂറോളമെടുത്ത് യസ്ദിലേക്കെത്താൻ. പൈതൃകനഗരമായതുകൊണ്ട് തന്നെ നിലവിൽ ഇവിടം സുരക്ഷിതമാണെന്നാണ്  കരുതപ്പെടുന്നത്. എന്നാൽ, സംഘർഷം രൂക്ഷമായാൽ ഇവിടത്തേയും സ്ഥിതി ഗുരുതരമാകും. 

ഇനി ഇന്ത്യൻ എംബസി ഇടപെട്ടാൽ മാത്രമേ ഇവിടെ നിന്ന് പുറത്ത് കടക്കാൻ സാധിക്കൂ. ടെഹ്റാനിലുള്ളപ്പോൾ എംബസിയെ ബന്ധപ്പെട്ടിരുന്നു. എവിടെയാണോ നിൽക്കുന്നത് അവിടെത്തന്നെ നിൽക്കാനാണ് അവർ പറഞ്ഞത്. ഇപ്പോഴും അതുതന്നെയാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ടെഹ്റാനിൽ നിന്നിരുന്നെങ്കിൽ ഇന്ന് ഞങ്ങളുടെ പൊടിപോലും കാണില്ലായിരുന്നു. നോർക്കയുമായി ബന്ധപ്പെടുന്നുണ്ട്. അവർ ആവശ്യമായ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇനി ഇവിടെ നിന്ന് അതിർത്തി കടക്കണം. അതിന് ഇന്ത്യൻ എംബസി ഇടപെടാതെ ഒന്നും നടക്കില്ല'- അഫ്സൽ പറഞ്ഞു. 

പാകിസ്താൻ, അഫ്ഗാൻ, അസർബൈജാൻ, അർമേനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ എതെങ്കിലും ഒന്നിന്റെ അതിർത്തിയിൽകൂടി മാത്രമേ ഇനി തിരിച്ചെത്താൻ സാധിക്കൂ. അതിനുള്ള സൗകര്യമാണ് ഇനി തങ്ങൾക്ക് ലഭിക്കേണ്ടത്. എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് അഫ്സൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.