ടെൽ അവീവ്: ഇറാന്റെ ആണവപദ്ധതിയിലെ ആണിക്കല്ലാണ് നതാൻസ് യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം. രണ്ടാമത്തെ വലിയ ആണവസമ്പുഷ്ടീകരണകേന്ദ്രം ഫൊർദോയാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ നതാൻസിന് കാര്യമായ കേടുപറ്റിയെന്ന് യുഎൻ ആണവോർജ ഏജൻസിതന്നെ (ഐഎഇഎ) അറിയിച്ചിട്ടുണ്ട്. എന്നാൽ, മലനിരകളിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഫൊർദോ തകർക്കാൻ ഇസ്രയേലിന് യുഎസിന്റെ സഹായംവേണം. ഇസ്രയേലിന്റെ കണ്ണിൽ യുഎസിന്റെ ‘ബങ്കർ ബസ്റ്റർ’ ബോംബുകളാണ് ഫൊർദോയ്ക്കുള്ള മറുമരുന്ന്; ഒപ്പം ബി-2 വിമാനവും.

To advertise here,

ഫൊർദോ
ടെഹ്‌റാനിൽനിന്ന് 95 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഖൂം നഗരത്തിനുസമീപത്തെ പർവതമടക്കുകൾ തുരന്നുണ്ടാക്കിയത്.

  • പാറയ്ക്കടിയിൽ 80 മീറ്റർ ആഴത്തിൽ സ്ഥിതിചെയ്യുന്നു
  •  2006-ൽ നിർമാണമാരംഭിച്ചു, 2009-ൽ പ്രവർത്തനം തുടങ്ങി
  • ഇറാന്റെയും റഷ്യയുടെയും ഭൂതല-വ്യോമ മിസൈൽ പ്രതിരോധസംവിധാനങ്ങളുടെ കാവലുണ്ട്

ജിബിയു-57എ/ബി

ഭൂമിക്കടിയിലേക്ക് തുരന്നിറങ്ങി ഭൗമാന്തർഭാഗത്ത് പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ബോംബുകളെ ബങ്കർ ബസ്റ്ററുകളെന്നാണ് വിളിക്കുക. യുഎസിന്റെ പക്കലുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ജിബിയു-57എ/ബി.

  • 13,600 കിലോഗ്രാം ഭാരം
  • കൃത്യതയോടെ ആക്രമണം നടത്താനുള്ള ശേഷി
  • പൊതുവേ ബങ്കറുകളും തുരങ്കങ്ങളും തകർക്കാനുപയോഗിക്കുന്നു
  • 61 മീറ്റർ ആഴത്തിൽവരെ ചെന്ന് പ്രഹരമേൽപ്പിക്കാൻ കഴിയും
  • ഫൊർദോയിൽ വലിയതോതിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുണ്ടെന്ന് ഐഎഇഎ പറയുന്നു. ഇവിടെ ജിബിയു പൊട്ടിയാൽ വലിയതോതിൽ അണുവികിരണമുണ്ടാകാം

ബി-2 വിമാനം

ജിബിയു-57 ലക്ഷ്യത്തിലിടാൻ ബി-2 സ്റ്റെൽത്ത് വിമാനങ്ങളാണ് യുഎസ് ഉപയോഗിക്കുന്നത്‌.

  • 18,000 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷി
  • തുടർച്ചയായി 11,000 കിമീ പറക്കും; വഴിയിൽ ഇന്ധനംനിറയ്ക്കാനായാൽ 18,500 കിലോമീറ്ററും