വാഷിങ്‌ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തേക്കാമെന്ന സാധ്യത മുന്നിൽക്കണ്ട്, എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് ഭരണനടപടികളുമായി മുന്നോട്ടുപോകാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനൊപ്പം തന്നെ തന്റെ സർക്കാരിനെതിരെ ഉയർന്നേക്കാവുന്ന അന്വേഷണങ്ങളെയും പരിശോധനകളെയും നേരിടാനുള്ള പദ്ധതികളും വൈറ്റ് ഹൗസ് ആവിഷ്കരിക്കുന്നുണ്ട്.

To advertise here,

കോൺഗ്രസിന്റെ അംഗീകാരമില്ലാതെ തന്നെ ട്രംപിന് നടപ്പാക്കാൻ കഴിയുന്ന എക്സിക്യൂട്ടീവ് നടപടികൾ കണ്ടെത്താനായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഏപ്രിൽ മാസം മുതൽ പ്രവർത്തിച്ചുവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, ബജറ്റ് ഡയറക്ടർ റസൽ വോട്ട് എന്നിവർ വൈറ്റ് ഹൗസ് കൗൺസൽ ഓഫീസുമായി ചേർന്നാണ് ഈ പദ്ധതികൾക്ക് രൂപം നൽകുന്നത്.

കുടിയേറ്റം, തീരുവകൾ (താരിഫ്), ഫെഡറൽ ചെലവഴിക്കൽ തുടങ്ങിയ മേഖലകളിലാണ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ തീരുമാനമെടുക്കാവുന്ന നയങ്ങൾ പരിശോധിക്കുന്നത്. ട്രംപിന് നിയമപരമായി സ്വതന്ത്രമായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും, അദ്ദേഹത്തിന്റെ അധികാരപരിധി എത്രത്തോളം വ്യാപിപ്പിക്കാം, അത്തരം തീരുമാനങ്ങളെ കോടതികളിൽ എങ്ങനെ പ്രതിരോധിക്കാം എന്നിവയും വൈറ്റ് ഹൗസിലെ അഭിഭാഷകർ വിശദമായി പഠിക്കുന്നുണ്ട്.

അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകൾ വീതമാണ് വേണ്ടത്. നിലവിലെ അഭിപ്രായസർവേകൾ അനുസരിച്ച് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമുണ്ട്. എന്നാൽ സെനറ്റിലെ പോരാട്ടം പ്രവചനാതീതമായി തുടരുകയാണ്.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഭരണകൂടത്തിന്റെ ബില്ലുകൾ തടയാനും സർക്കാരിന്റെ സാമ്പത്തിക ചെലവഴിക്കലുകൾ പരിശോധിക്കാനും ട്രംപ് ഭരണകൂടത്തിനെതിരെ അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും അവർക്ക് സാധിക്കും. അതേസമയം, വിദേശനയം, വ്യാപാരം, ഫെഡറൽ ഏജൻസികൾ എന്നിവയിൽ ട്രംപിന് എക്സിക്യൂട്ടീവ് അധികാരങ്ങൾ വഴി വലിയ നിയന്ത്രണം നിലനിർത്താൻ കഴിയും.

റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ നിയന്ത്രണം നിലനിർത്താനായി ട്രംപ് സജീവമായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, 2027-ൽ അധികാരം മാറിയേക്കാം എന്ന സാധ്യത മുന്നിൽക്കണ്ട് അദ്ദേഹത്തിന്റെ സഹായികൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്.