വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനുമായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഇന്ത്യയുമായുള്ള ബന്ധം കൈകാര്യംചെയ്തതിലും അന്യായമായി അധിക തീരുവ ചുമത്തിയതിലും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ബോള്‍ട്ടന്റെ വസതിയിലെ റെയ്ഡ്. ഇന്ത്യയ്ക്കുമേല്‍ അധികതീരുവ ഏര്‍പ്പെടുത്തിയതില്‍ ഒരു അഭിമുഖത്തിനിടെ ട്രംപിനെ 'യുക്തിരഹിതനായ പ്രസിഡന്റ്' എന്ന് ബോള്‍ട്ടണ്‍ വിശേഷിപ്പിച്ചിരുന്നു.

To advertise here,

രഹസ്യരേഖകള്‍ കൈകാര്യംചെയ്തത് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബോള്‍ട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തില്‍നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ലെങ്കിലും, റെയ്ഡ് ആരംഭിച്ചതിനു പിന്നാലെ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ 'ആരും നിയമത്തിന് അതീതരല്ല' എന്ന് എക്‌സില്‍ കുറിച്ചിട്ടുണ്ട്. 

റെയ്ഡിനിടെ പോലും ജോണ്‍ ബോള്‍ട്ടണ്‍, ട്രംപിനെ വിമര്‍ശിച്ച് എക്‌സില്‍ രംഗത്തെത്തി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ ഇടപെടലിൽ യാതൊരു പുരോഗതിയും കാണില്ലെന്നു പറഞ്ഞ ബോള്‍ട്ടണ്‍, പ്രസിഡന്റിന്റെ സമാധാന നൊബേല്‍ ആഗ്രഹത്തെയും രൂക്ഷമായി വിമര്‍ശിച്ചു.

യുക്രൈനെ റഷ്യന്‍ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് റഷ്യ പിന്നോട്ടുപോയിട്ടില്ല. യുക്രൈന്‍ കൈവശംവെച്ചിരിക്കുന്ന പ്രദേശവും ഡൊണെറ്റ്സ്‌കിന്റെ ബാക്കി ഭാഗങ്ങളും വിട്ടുകൊടുക്കണമെന്നാണ് റഷ്യയുടെ ആവശ്യം. സെലെന്‍സ്‌കി ഒരിക്കലും ഈ നിബന്ധന അംഗീകരിക്കുമെന്ന് കരുതുന്നില്ല. അതേസമയം, ട്രംപ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആഗ്രഹിക്കുന്നതിനാല്‍ കൂടിക്കാഴ്ചകള്‍ തുടരും. പക്ഷേ, ഈ ചര്‍ച്ചകള്‍ ഒരു പുരോഗതിയും കാണിക്കുന്നില്ലെന്നും ബോള്‍ട്ടണ്‍ കുറിച്ചു.