വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചും തോക്ക് കൈവശം വെക്കുന്നതിനെക്കുറിച്ചുമുള്ള തർക്കത്തെ തുടർന്ന് പിതാവ് 23 കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ടെക്സസിലെ പ്രോസ്പർ എന്ന സ്ഥലത്താണ് സംഭവം. 2025 ജനുവരി 10-നാണ് സംഭവം നടന്നത്. കേസിലിപ്പോൾ കോടതിയിൽ വിചാരണ നടന്നുവരികയാണ്. ഫാഷൻ ബയറായ ലൂസി ഹാരിസൺ യുകെയിലെ വാറിങ്ടണിൽനിന്ന് കാമുകൻ സാം ലിറ്റ്ലറിനൊപ്പം പിതാവ് ക്രിസ് ഹാരിസണെ കാണാൻ ടെക്സസിലേക്ക് വന്നു. ലൂസിയും ക്രിസും തമ്മിൽ വലിയ തർക്കമുണ്ടായതായി സാം ലിറ്റ്ലർ ചെഷയർ കോറോണേഴ്സ് കോടതിയിൽ പറഞ്ഞു.

To advertise here,

തർക്കത്തിനിടയിൽ, ട്രംപിൻ്റെ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് സൂസി പിതാവിനോട് ചോദിച്ചു, "ഞാൻ ആ സാഹചര്യത്തിലെ പെൺകുട്ടിയായിരുന്നെങ്കിൽ, ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് എങ്ങനെ തോന്നുമായിരുന്നു? തനിക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്നും അതുകൊണ്ട് അത്രയധികം വിഷമം തോന്നില്ലെന്നും പിതാവ് പ്രതികരിച്ചു. പിതാവിൻ്റെ ഈ പ്രതികരണം ലൂസിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും അവൾ വല്ലാതെ അസ്വസ്ഥയായി എന്നും സാം പറഞ്ഞു.

തൻ്റെ പിതാവ് തോക്ക് കൈവശം വെക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ലൂസി പലപ്പോഴും അസ്വസ്ഥയാകുമായിരുന്നുവെന്ന് സാം കൂട്ടിച്ചേർത്തു. തോക്കുകളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ, പ്രത്യേകിച്ച് തൻ്റെ അവകാശങ്ങൾ പിതാവ് ന്യായീകരിക്കുമ്പോൾ അവൾ പലപ്പോഴും ദുഃഖിതയാകുമായിരുന്നുവെന്ന് സാം വിശദീകരിച്ചു.

സംഭവദിവസം ലൂസി അടുക്കളയിൽ നിൽക്കുമ്പോൾ പിതാവ് അവളുടെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ഏകദേശം 15 സെക്കൻഡിന് ശേഷം ഒരു വലിയ ശബ്ദം കേട്ടതായി സാം പറഞ്ഞു. സാം ഉടൻതന്നെ കിടപ്പുമുറിയിലേക്ക് ഓടി. മുറിയിൽ പ്രവേശിച്ചപ്പോൾ, കുളിമുറിയുടെ വാതിലിനടുത്തായി ലൂസി കിടക്കുന്നത് കണ്ടു. ക്രിസ് അലറിക്കൊണ്ടിരിക്കുകയും എന്തൊക്കെയോ അർത്ഥമില്ലാത്ത കാര്യങ്ങൾ പറയുകയും ചെയ്യുകയായിരുന്നുവെന്ന് സാം സ്കൈ ന്യൂസിനോട് വിവരിച്ചു.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് താൻ ഈ തോക്ക് വാങ്ങിയതെന്നും കുടുംബത്തിന് സുരക്ഷ നൽകാനാണ് വാങ്ങിയതെന്നും ക്രിസ് കോടതിയിൽ പറഞ്ഞു. അന്ന് വരെ മകളുമായി തോക്കിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവം നടന്ന ദിവസം തോക്ക് ലൂസിയെ കാണിക്കാൻ വേണ്ടി എടുത്തതാണെന്നും ക്രിസ് പറഞ്ഞു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. എന്തു സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായില്ല. ലൂസി ഉടൻതന്നെ താഴെ വീണു" എന്നും ക്രിസ് പറ‍്ഞു. തോക്ക് പൊട്ടിയപ്പോൾ തൻ്റെ വിരൽ ട്രിഗറിൽ ഉണ്ടായിരുന്നോ എന്ന് ഓർമ്മയില്ലെന്നും ക്രിസ് കൂട്ടിച്ചേർത്തു.

ക്രിസിന് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ചികിത്സ ലഭിക്കുകയും ചെയ്തിരുന്നു. തൻ്റെ മകളെ വെടിവെച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. വെടിവെപ്പ് നടന്ന ദിവസം വൈൻ കുടിച്ചതായി ക്രിസ് സ്ഥിരീകരിച്ചു.