
വാഷിങ്ടൺ: യുദ്ധ സമയത്ത് ആയുധങ്ങൾപ്പോലെ മൂർച്ചയേറിയതാണ് വ്യാജ പ്രചാരണങ്ങളും വാർത്തകളും. ഒരു ഇന്ത്യൻ അക്കൗണ്ടിൽനിന്ന് പുറത്തുവന്ന വ്യാജ വാർത്ത യുഎസ്- ഇറാൻ യുദ്ധത്തെ എത്രത്തോളം സ്വാധീനിച്ചുവെന്നത് പരിശോധിച്ചാലറിയാം ഇതിന്റെ ആഴം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഐക്യാരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയും വരെ ഈ വ്യാജ വാർത്ത ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം.
അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഇന്ത്യൻ അക്കൗണ്ടിൽനിന്ന് വന്ന വ്യാജ വാർത്ത യുദ്ധ ചർച്ചകളെ എങ്ങനെ സ്വാധീനിച്ചുവെന്നത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് രാവിലെ എക്സ് പ്ലാറ്റ്ഫോമിൽ ഒരു ഇന്ത്യൻ അജ്ഞാത അക്കൗണ്ടിൽ വലിയ പ്രധാന്യത്തോടെ ഒരു വാർത്ത പോസ്റ്റ് ചെയ്യുകയുണ്ടായി. 'ഇസ്രായേലും അമേരിക്കയും ആണവായുധം കൈവശം വെച്ചിരിക്കുന്ന കാലത്തോളം തങ്ങളുടെ രാജ്യത്തിന്റെ ആണവായുധ മോഹങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല, ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ പ്രതിജ്ഞയെടുത്തു എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. തങ്ങൾ ആണവായുധം ഉണ്ടാക്കുമെന്ന് ഇറാൻ ഇതുവരെ പറഞ്ഞിട്ടില്ല. ആണവ സമ്പുഷ്ടീകരണം ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാൻ ഇതുവരെ അവകാശപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ ഐആർജിസി കമാൻഡർ നടത്തിയെന്ന വ്യാജ വാർത്ത അതിവേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇസ്രയേലി അക്കൗണ്ടുകൾ ഈ പ്രചാരണം ഏറ്റെടുത്തു. തുടർന്ന് അവിടത്തെ ഒരു ടെലിവിഷൻ ചാനൽ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇറാൻ ഒരു അണുബോംബ് നിർമിക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ ആദ്യ പരസ്യ പ്രഖ്യാപനമാണിതെന്ന് അവർ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വാർത്ത പ്രചരിച്ചത്. അന്ന് വൈകുന്നേരം ജെറുസലേമിലെ മൗണ്ട് ഹെർട്സലിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിലും ഈ വ്യാജ വാർത്ത ഇടംപിടിച്ചു.
കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായ മൈക്ക് വാൾട്സ് സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത റീപോസ്റ്റ് ചെയ്തു. ഫ്ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ടും ഇത് പങ്കുവെച്ചു. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസും ഈ വാർത്ത റിപ്പോർട്ട് ചെയ്തു, ചാനലിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി.
ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹ്മദ് വാഹിദിയുടേതെന്ന പേരിൽ പ്രചരിച്ച ഈ പ്രസ്താവന ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരെയും മാധ്യമ സ്ഥാപനങ്ങളെയും തെറ്റിധരിപ്പിക്കുന്നതിൽ വിജയിച്ച ഒരു പ്രചാരണത്തിന്റെ ഭാഗമായിരുന്നുവെന്ന് തങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് ഇത് സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ പ്രസ്താവന, നെതന്യാഹുവും ഇസ്രയേലും ഇറാനെതിരെ ദീർഘകാലമായി നടത്തുന്ന വാദങ്ങളിലൊന്നാണ്. ഇറാനെതിരെ യുദ്ധം ആവശ്യമാണെന്ന് സ്ഥാപിക്കാൻ ഇറാൻ ആണവായുധം നിർമിക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഇറാന് എതിരെയുള്ള യുദ്ധം ആവശ്യമാണെന്നുമുള്ള നെതന്യാഹുവിന്റെ ദീർഘകാലമായുള്ള വാദത്തെ ശക്തിപ്പെടുത്താനാണ് പ്രചാരണം ലക്ഷ്യമിട്ടതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്.
സമാധാന ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ഇറാനുനേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഇത്തരമൊരു വ്യാജ പ്രചാരണമുണ്ടായതെന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
സമാധാന ചർച്ചകളിൽ വിള്ളൽ വീഴ്ത്താൻ വേണ്ടി ബോധപൂർവ്വം വാർത്ത നിർമ്മിച്ചതാകാമെന്നാണ് വ്യാജ വാർത്തകൾ നിരീക്ഷിക്കുന്നവരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 1,75,000 ഫോളോവേഴ്സുള്ള ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ട ഈ വ്യാജ പ്രസ്താവന രണ്ട് മണിക്കൂറിനുള്ളിൽ 82,000 ഫോളോവേഴ്സുള്ള രണ്ടാമതൊരു ഇന്ത്യൻ അക്കൗണ്ട് ഇതിന്റെ ഹിന്ദി പരിഭാഷ പങ്കുവെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് 'മൊസാദ് കമന്ററി' (Mossad Commentary) എന്ന അക്കൗണ്ടിലൂടെയാണ് ഈ പ്രസ്താവന കൂടുതൽ വ്യാപകമാക്കിയത്. പോസ്റ്റ് വന്ന് മൂന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
Content Highlights: A fake news post regarding Iran's nuclear ambitions originated from an Indian X account., Israeli Prime Minister Benjamin Netanyahu and US officials amplified the false claim., New York Times investigated how the disinformation impacted geopolitical narratives., The fake report emerged shortly after Donald Trump announced a halt to attacks for peace talks.
Published: 17 Aug 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented