വാഴ്‌സ: വ്യോമാഭ്യാസപ്രകടനത്തിന് മുന്നോടിയായുള്ള പരിശീലനപ്പറക്കിലിനിടെ പോളണ്ട് സൈന്യത്തിന്റെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച സെന്‍ട്രല്‍ പോളണ്ടിലെ റാഡമിലാണ് സംഭവം. ഈ ആഴ്ച അവസാനം നിശ്ചയിച്ചിരുന്ന ദ റാഡം എയര്‍ഷോയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.

To advertise here,

അപകടം, പോളിഷ് പ്രതിരോധമന്ത്രി വ്‌ലാഡിസ്‌ലോ കൊസിനിയാക് കാമിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പൈലറ്റിന്റെ മരണത്തിലും വ്യോമസേനയ്ക്കുണ്ടായ വലിയ നഷ്ടത്തിലും അനുശോചിക്കുകയും ചെയ്തു. വിമാനം നിയന്ത്രണംവിട്ട് തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

പൊസ്‌നാനിന് സമീപത്തെ 31-ാം ടാക്ടിക്കല്‍ വ്യോമതാവളത്തില്‍നിന്നുള്ള യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിസരത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.