പശ്ചിമേഷ്യ പുകയുന്നു. ഏറെ നാളായുള്ള സംഘർഷത്തിന് പിന്നാലെ ഇപ്പോൾ ലെബനനിലേക്കും യുദ്ധം പടർന്നിരിക്കുന്നു. ഇസ്രയേലിനെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്കയും, ലെബനന് വേണ്ടി പിന്തുണയുമായി സൈന്യത്തെ ഇറക്കി ഇറാനും രംഗത്തെത്തി. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധഭൂമിയായി മാറുന്ന കാഴ്ചയാണ്.

To advertise here,

ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗസയിൽ ആക്രമണം ശക്തമാക്കുന്നത്. അവിടെ നിന്ന് പലസ്തീനിലേക്കും യുദ്ധം വ്യാപിച്ചു. ഇതിനിടെ ഹിസ്ബുള്ളയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം ശക്തമായ ആക്രണവുമായി മുന്നേറി. ഹിസ്ബുള്ളയുടെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം വധിച്ചു. ആയിരക്കണക്കിന് ആളുകൾ ഗാസയിലും ലെബനനിലും കൊല്ലപ്പെട്ടു. നിരവധി പേർ അനാഥരായി, വീടുകൾ നഷ്ടപ്പെട്ടു. തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു.

ഒടുവിൽ മറ്റിടങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഇറാൻ സൈന്യം രംഗത്തെത്തി. ഇസ്രയേലിന് നേരെ മിസൈൽ തൊടുത്തുവിട്ടു. നൂറുക്കണക്കിന് മിസൈലുകൾ ഇസ്രയേലിന് നേരെ പാഞ്ഞെങ്കിലും ആക്രമണത്തിൽ രാജ്യത്ത് നാശനഷ്ടൾ അധികമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ, ഇസ്രയേൽ സൈന്യത്തെ തങ്ങൾ വിറപ്പിച്ചതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളാകുന്ന കാഴ്ചയാണ്. 

ലെബനനിൽ വ്യാപകമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും തിരിച്ചടി നേരിടുന്നുണ്ടെന്നാണ് ഇസ്രയേലിൽ നിന്ന് ലഭിക്കുന്ന വിവരം. 'സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ഇറാന്റെ ബോംബാക്രമണത്തിൽ വീടുകൾ തകർക്കപ്പെട്ടു. പല മിസൈലുകളേയും ഇസ്രയേൽ പ്രതിരോധിച്ചു'- ഇസ്രയേലിൽ താമസിക്കുന്നവർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

2006-ലെ ഇസ്രയേൽ - ലെബനൻ യുദ്ധം

പതിനെട്ട് വർഷം മുമ്പാണ് സമാനമായ യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. 2006-ലായിരുന്നു അത്. അന്ന് ഇസ്രയേൽ സൈന്യം ലെബനനെ അക്രമിച്ചെങ്കിലും കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടിവന്നത്. 34 ദിവസം നീണ്ടുനിന്ന് യുദ്ധമായിരുന്നു അത്. കരമാർഗം ലെബനനിലേക്ക് കടന്നു കയറിയ ഇസ്രയേൽ സൈന്യത്തിനെതിരേ ശക്തമായ പ്രതിരോധമാണ് ലെബനനിന്റെ സായുധ പോരാളികൾ തീർത്തത്. തുടക്കത്തിൽ ജയിച്ചു കയറിയ ഇസ്രയേലിന്റെ ആത്മവിശ്വാസം ഒടുവിൽ ചോർന്നില്ലാതാകുന്ന കാഴ്ചയായിരുന്നു കണ്ടത്. ലെബനൻ സായുധ പോരാളികളുടെ തന്ത്രങ്ങളിൽപെട്ട് ഇസ്രയേൽ സൈന്യം തകരുന്ന കാഴ്ചയായിരുന്നു. 

placeholder
ഇസ്രയേൽ - ലെബനൻ 2006ലെ യുദ്ധത്തിൽ നിന്നുള്ള ദൃശ്യം | Photo: AP/ Screengrab/ https://youtu.be/CKCN6-HOXsA

34 ദിവസത്തിന് ശേഷം ഓഗസ്റ്റ് 14-ന് 2006-ലെ ഇസ്രയേൽ - ലെബനൻ യുദ്ധം അവസാനിച്ചു. കനത്ത നഷ്ടങ്ങൾക്കിടയിലും ജയം തങ്ങളുടേതെന്ന് ഇരു കൂട്ടരും അവകാശപ്പെട്ടു. എന്നാൽ ഇതിനോടൊപ്പം തന്നെ മറ്റൊരു കാര്യവും അവിടെ സംഭവിച്ചിരുന്നു. ഹിസ്ബുള്ള എന്ന സായുധ ഗ്രൂപ്പിന്റെ സാന്നിധ്യം ഉറപ്പിക്കലായി കൂടി ആ യുദ്ധം മാറി. 

placeholder
The Israeli Iron Dome air defense system fires to intercept an attack from Lebanon over the Galilee region as seen from the Israeli-annexed Golan Heights, Sunday, Aug. 4, 2024. AP/PTI
ഇസ്രയേൽ ലക്ഷ്യമാക്കി വന്ന റോക്കറ്റുകളെ അയൺ ഡോം സംവിധാനം നിർവീര്യമാക്കുന്നു | Photo: AP

ജൂലായ് 12-ലായിരുന്നു 2006-ലെ ഇസ്രയേൽ ലെബനൻ യുദ്ധം ആരംഭിക്കുന്നത്. ഹിസ്ബുള്ള പോരാളികൾ അതിർത്തികടന്നുള്ള ആക്രമണം നടത്തി രണ്ട് ഇസ്രയേൽ സൈനികരെ പിടിക്കുകയും മൂന്നുപേരെ കൊല്ലുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ഹിസ്ബുള്ളയെ നേരിടാൻ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിലേക്ക് തള്ളിക്കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വളരെ നിസാരമായി കീഴടക്കാമെന്ന് കരുതി ലെബനനിൽ എത്തിയ ഇസ്രയേൽ സൈന്യത്തിന്റെ തീരുമാനം തെറ്റുന്നതായിരുന്നു അന്ന് കണ്ടത്. അപ്രതീക്ഷിത പ്രതിരോധമാണ് ഇസ്രയേൽ സൈന്യം ലെബനനിൽ നിന്ന് നേരിട്ടത്. ഇസ്രയേൽ സൈന്യം സമഗ്രമായ ഒരു കരയുദ്ധത്തിന് തയ്യാറായിരുന്നില്ലെന്നാണ് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന എഹുദ് ഓൾമെർട്ട് പ്രതികരിച്ചത്. 

1982-ലെ യുദ്ധവും ഹിസ്ബുള്ളയുടെ വളർച്ചയും

1982-ലെ ഇസ്രയേൽ-ലെബനൻ യുദ്ധത്തോടെയാണ് ഹിസ്ബുള്ള വളരുന്നത്. ലെബനൻ പ്രദേശങ്ങളായ ബെക്കാ മേഖലയിൽ ഇറാൻ പിന്തുണയോടെയാണ് ഹിസ്ബുള്ള പ്രതിരോധശക്തിയായി ഉയർന്നു വരുന്നത്. മൂന്ന് വർഷത്തിനുശേഷം, 1985-ൽ ലെബനനിൽ ഇസ്ലാമിക് പ്രതിരോധസേന എന്ന അവരുടെ സൈനിക വിഭാഗം സ്ഥാപിതമായതോടെ ഹിസ്ബുള്ള കൂടുതൽ ഔപചാരികത കൈവരിച്ചു. കാലക്രമേണ ഹിസ്ബുള്ള പശ്ചിമേഷ്യയിലെത്തന്നെ ഏറ്റവും ശക്തരായ സായുധ പോരാളികളായി മാറി. ഇസ്രയേലിന് എല്ലായ്പ്പോഴും ഇത് വലിയൊരു വെല്ലുവിളി സൃഷ്ടിച്ചു. വൻ തലവേദനക്കിടയിലും ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ തന്നെയായിരുന്നു ഇസ്രയേൽ തീരുമാനം. എന്നാൽ പലപ്പോഴും ഇസ്രയേലിന് ഹിസ്ബുള്ളയ്ക്ക് മുമ്പിൽ അടിയറവ് പറയേണ്ട സ്ഥിതിയായിരുന്നു. 

placeholder
1982 ഇസ്രയേൽ ലെബനൻ യുദ്ധകാലത്തെ ദൃശ്യം | Photo: https://www.youtube.com/watch?v=GObuiO3QU54

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേൽ ലെബനനെ ആക്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 3500-ഓളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ ഘട്ടത്തിലായിരുന്നു ഹിസ്ബുള്ള രംഗത്തെത്തുന്നത്. ബയ്റുത്തിലെ ബെക്കാ താഴ്വരകളിൽ നിന്ന് നിരവധി യുവാക്കളെയാണ് ഹിസ്ബുള്ള റിക്രൂട്ട് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ ഹിസ്ബുള്ള ശക്തിപ്രാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 

1982-നും 1986നും ഇടയിൽ ലെബനനിൽ വിദേശ സേനയ്ക്കെതിരേ നിരവധി ആക്രമണങ്ങൾ നടന്നു. 1983-ൽ ഫ്രഞ്ച് - അമേരിക്കൻ സൈനിക ബാരക്കുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 300-ലധികം സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. 1985 ഓടെ ലെബനന്റെ തെക്കൻ ഭാഗങ്ങളിൽ ഹിസ്ബുള്ള ശക്തിയാർജിച്ചു. ഇസ്രയേൽ സൈന്യത്തെ അവിടെ നിന്ന് പിൻവലിക്കാൻ നിർബന്ധിതരായെങ്കിലും തെക്കൻ  ലെബനൻ സൈന്യത്തെ അവർ അവിടെ നിലനിർത്തിയിരുന്നു. 

placeholder
ഇറാൻ്റെ ഇസ്രയേൽ ആക്രമണത്തിൻ്റെ അവിശിഷ്ടങ്ങൾ പരിശോധിക്കുന്ന പലസ്തീനിയൻ യുവാക്കൾ | ഫോട്ടോ: ZAIN JAAFAR/ AFP

1992-96 കാലത്താണ് ഹിസ്ബുള്ള രാഷ്ട്രീയപ്രവേശം നടത്തുന്നത്. ലെബനനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് പിന്നാലെ പാർലമെന്റിൽ എട്ട് സീറ്റ് നേടി ഹിസ്ബുള്ള രാഷ്ട്രീയത്തിൽ ശക്തമായ സ്ഥാനം ഉറപ്പിച്ചു. ക്രമേണ സൈനികമായും രാഷ്ട്രീയമായും ഹിസ്ബുള്ളയുടെ വളർച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. 1993-ൽ വടക്കൻ ഇസ്രയേലിലെ ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രയേൽ ഓപ്പറേഷൻ അക്കൗണ്ടബിലിറ്റി ആരംഭിച്ചു. 118 പേരാണ് ഇതിൽ കൊല്ലപ്പെട്ടത്. പിന്നീട് ഇത് തീവ്രമായ സംഘർഷത്തിലേക്ക് നയിച്ചു. 

രണ്ട് പതിറ്റാണ്ടോളം നീണ്ട അധിനിവേശത്തിനുശേഷം 2000 മേയ് മാസത്തിലാണ് ഇസ്രയേൽ തെക്കൻ ലെബനനിൽ നിന്ന് പിൻവാങ്ങുന്നത്. അപ്പോഴേക്കും ലെബനനിൽ ഹിസ്ബുള്ള ശക്തമായ രാഷ്ട്രീയ കക്ഷിയായി മാറിയിരുന്നു. ഇസ്രയേലിനെതിരേ അറബ് പ്രതിരോധത്തിന്റെ പ്രതീകമായും ഹിസ്ബുള്ള നിലകൊണ്ടു. 2021- മുതൽ അസദ് ഭരണകൂടത്തിന് വേണ്ടി ഹിസ്ബുള്ളയുടെ ഇടപെടൽ അറബ് രാജ്യങ്ങൾക്കിടയിൽ ഭിന്നതയ്ക്കിടയാക്കിയെങ്കിലും ഇറാനുമായുള്ള സഖ്യം ദൃഢമായി നിലനിർത്തിപ്പോന്നിരുന്നു.

ഇസ്രയേലിന്റെ തിരിച്ചടിയും ലെബനന്റെ മുൻകരുതലും

ഭാവിയിലെ തിരിച്ചടികൾ നേരത്തെ തന്നെ ലെബനൻ തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട് എന്ന് വേണം കരുതാൻ. രാജ്യത്തുലടനീളം വലിയ തുരങ്കങ്ങളാണ് ഇവർ നിർമിച്ചിരിക്കുന്നത്. കൂടാതെ ഇറാനിൽ നിന്നുള്ള വൻ ആയുധശേഖരവും ഇവരുടെ പക്കലുണ്ട്. ലെബനൻ നിസാരമായി കീഴടക്കുക എന്ന ഇസ്രയേൽ ലക്ഷ്യം അത്ര സുഖകരമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വ്യക്തമാക്കുന്നത്.

അതേസമയം 2006-നേക്കാൾ ശക്തരാണ് ഇസ്രയേൽ എന്ന കാര്യവും മുന്നിലുണ്ട്. പുത്തൻ സാങ്കേതികവിദ്യയുടെ കരുത്തിലാണ് ഇസ്രയേൽ യുദ്ധം നയിക്കുന്നത്. പേജർ, വാക്കി ടോക്കി ആക്രമണങ്ങളടക്കം അത്യാധുനിക സംവിധാനങ്ങളും കാലങ്ങളായുള്ള ആസൂത്രണങ്ങളുമാണ് ഇസ്രയേൽ സൈന്യത്തിന്റെ പക്കലുള്ളത്. ഹിസ്ബുള്ള നേതാക്കളെ ഒന്നൊന്നായി വധിച്ചാണ് ഇസ്രയേൽ മുന്നേറുന്നത്. ഒടുവിൽ തങ്ങളുടെ ലിസ്റ്റിലുള്ള ഏകദേശം മുഴുവൻ ഹിസ്ബുള്ള നേതാക്കളെയും തങ്ങൾ ഇല്ലാതാക്കിയെന്ന് ഇസ്രയേൽ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യയുടെ കരുത്തുള്ള ആയുധപ്പുരകളും അമേരിക്ക പോലൊരു രാജ്യത്തിന്റെ ശക്തമായ രാഷ്ട്രീയ പിന്തുണയും സൈനിക പിന്തുണയും ഇസ്രയേലിനൊപ്പമുണ്ട്. ഇത് ഇസ്രയേൽ സൈന്യത്തെ ഏറെ കരുത്തരാക്കി മാറ്റുന്നുണ്ട്. ഹിസ്ബുള്ളയുടെ ആയുധശേഖരങ്ങളെയും നേതാക്കളേയുമാണ് ആദ്യഘട്ടത്തിൽ ഇസ്രയേൽ ലക്ഷ്യംവെച്ചത്. ഇത് വിജയിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചതിലൂടെ ആക്രമണങ്ങൾക്ക് ആക്കംകൂട്ടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ഖത്തറിന്റെ മാധ്യസ്ഥവേഷം

ഇസ്രയേലുമായി ഖത്തർ പലപ്പോഴായി അനൗദ്യോഗിക വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഖത്തറായിരുന്നു പലപ്പോഴും മധ്യസ്ഥ വഹിച്ചിരുന്നത്. നേരത്തെ ഇസ്രയേൽ - ഗാസ യുദ്ധ സമയത്ത് ബന്ധി മോചനവും വെടിനിർത്തലുമൊക്കെ ഖത്തറിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച നടത്തിയിരുന്നത്. നിലവിലുള്ള സാഹചര്യത്തിലും ഖത്തറിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

വീണ്ടും യുദ്ധത്തെ അഭിമുഖീകരിക്കുമ്പോൾ

നിലവിൽ പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ - ഇറാൻ എന്ന തലത്തേക്ക് മാറുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ തിരിച്ചടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം ആരംഭിച്ചത്. ടെല്‍ അവീവിനെയും ജറുസലെമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചതെന്നാണ് വിവരം. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.

placeholder
ഗാസ മുനമ്പില്‍നിന്ന് തൊടുത്ത റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്ന ഇസ്രയേലിലെ കെട്ടിടാവശിഷ്ടങ്ങള്‍ | Photo: AP

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കൽ കൃത്യമായ പദ്ധതികളുണ്ട്. ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഇറാനെതിരേയുള്ള പ്രതിരോധത്തിൽ ഇസ്രയേലിന് പിന്തുണ നൽകാൻ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകൾ വെടിവെച്ചിടാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ പ്രീമിയം ലേഖനങ്ങളും വിശകലനങ്ങളും വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

സയണിസ്റ്റുകള്‍ അടങ്ങിയില്ലെങ്കില്‍ ഇസ്രയേലിലെ സകല അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബഘേരി മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇനിയും ക്ഷമിക്കാനാകില്ലെന്നും ഹുസൈൻ പറഞ്ഞു.

മൊസാദിന്റെ ആസ്ഥാനവും നെവാറ്റിം, ഹത്‌സെരിം വ്യോമതാവളങ്ങളും ഞങ്ങളുടെ ലക്ഷ്യങ്ങളാണ്. അതേസമയം ഇസ്രയേലിലെ സാമ്പത്തിക, വ്യവസായ കേന്ദ്രങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല എന്നും മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം മേഖലയിലെ കുറ്റകൃത്യങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ കഴിഞ്ഞ രാത്രിയില്‍ നടന്നതിനേക്കാള്‍ മാരകമായ ആക്രമണങ്ങള്‍ വീണ്ടും നടത്തുകയും ഇസ്രയേലിലെ സകലതും തകര്‍ക്കുകയും ചെയ്യും- ഹുസൈൻ  കൂട്ടിച്ചേര്‍ത്തു.

ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് ഇപ്പോൾ ഇസ്രയേൽ ലെബനനിൽ കടന്നുകയറിക്കൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായ പ്രതിരോധിച്ച് ഇറാൻസേനയും രംഗത്തെത്തിയിട്ടുണ്ട്. തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വടക്കൻ അതിർത്തി യുദ്ധമേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടെയുള്ള ജനങ്ങളെ ഒഴിപ്പിച്ചു.

placeholder
ഇസ്രയേൽ പ്രതിരോധ സേന പങ്കുവെച്ച ചിത്രം | Photo: https://x.com/IDF

ബയ്റുത്തിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള കൊല്ലപ്പെട്ടത്. ഹസൻ നസ്രള്ളയെ കൂടാതെ അലി കർകി, നബീൽ കൌക്, മുഹമ്മദ് അലി ഇസ്മയീൽ, ഇബ്രാഹിം മുഹമ്മദ് ഖബീസി, ഇബ്രാഹിം ഖുബൈസി, ഇബ്രാഹിം അഖീൽ, അഹമ്മദ് വഹ്ബി, ഫുആദ് ശുക്റ്, മുഹമ്മദ് നസർ, താലിബ് അബ്ദുല്ല തുടങ്ങിയവർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇതോടെയാണ് യുദ്ധം ചരിത്രത്തിലെ ഏറ്റവും നിർണായകഘട്ടത്തിലേക്ക് കടക്കുന്നത്.