
വാഷിങ്ടൺ: ചൈനയും യുഎസും വ്യത്യസ്തമാണെങ്കിലും ആത്മാർത്ഥവും ആഴത്തിലുള്ളതും തുടർച്ചയായതുമായ സംഭാഷണത്തിലൂടെ രണ്ട് രാജ്യങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാക്കാനും വിശ്വാസം വളർത്തിയെടുക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. യുഎസിലെത്തിയ ചൈനീസ് പ്രസിഡന്റ് വൈറ്റ്ഹൗസിൽ ട്രംപിനൊപ്പം സംസാരിക്കുകയായിരുന്നു.
താനും ട്രംപും പരസ്പരം ബഹുമാനിക്കുന്നുവെന്നും സമ്പർക്കം പുലർത്തുന്നുണ്ടെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ പരസ്പരബന്ധിതമാണെന്ന് വിശേഷിപ്പിച്ച ഷി 'നാം ആത്മാർത്ഥതയോടെ സഹകരിക്കണം' എന്നും പറയുകയുണ്ടായി. സഹകരണംകൊണ്ട് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നില്ല എങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരാളം ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയും യുഎസും സംഘർഷങ്ങളിൽ നിന്നും ഏറ്റുമുട്ടലുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.
'ചൈനയും അമേരിക്കയും തമ്മിൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകാതിരിക്കാനുള്ള അതിരുകൾ കാത്തുസൂക്ഷിക്കണം. നമ്മുടെ രണ്ട് സൈന്യങ്ങളും പതിവ് ചർച്ചകൾ നടത്തുകയും പ്രതിസന്ധിഘട്ടങ്ങളിലെ ആശയവിനിമയത്തിനും പ്രതിരോധത്തിനുമുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം' ഷി പറഞ്ഞു.
എഐ എപ്പോഴും മനുഷ്യനിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം യുഎസിനും ചൈനയ്ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ യുഎസും ചൈനയും പ്രശ്‌നങ്ങൾ നേരിടുന്നതിൽ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സുരക്ഷ, സാങ്കേതികവിദ്യ, സൂപ്പർ ഇന്റലിജൻസ്' എന്നിവയിലെ സമ്മർദ്ദകരമായ പ്രശ്‌നങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഈ മേഖലകളിൽ ഇന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് വരും ദശകങ്ങളിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Published: 24 Sept 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented