ടെൽ അവീവ്: ദുബായ്- ടെൽ അവീവ് വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ. സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും, വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചതായും ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമാണ് നടന്നതെന്ന് വിമാനത്തിലെ ചില യാത്രക്കാരും അവകാശപ്പെട്ടു.

To advertise here,

കോക്പിറ്റിലുണ്ടായ അക്രമാസക്തമായ സംഭവവികാസങ്ങളെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. ഒമാൻ പൗരനായ കോ-പൈലറ്റ്, യു.എ.ഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യൻ അധികൃതർ നിലവിൽ കോ പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ച ഫ്ളൈദുബായ് അധികൃതർ സംഭവത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

ക്യാപ്റ്റന് കുത്തേറ്റതിനെ തുടർന്ന് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം സൗദിയിൽ ലാൻഡ് ചെയ്തശേഷം വിമാനത്തിലെ യാത്രക്കാർ കൈയടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിലെ ചില യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തം പുരണ്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് കോക്പിറ്റിലെ സംഭവങ്ങളെ തുടർന്നാണെന്നാണ് വിവരം.

ഇതിനിടെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് ചിത്രങ്ങളിൽ കാണുന്നത്.

വിമാനത്തിന്റെ പെട്ടെന്നുള്ള താഴേക്കിറങ്ങലാണ് കേടുപാടുകൾക്ക് കാരണമെന്നാണ് സൂചന. വിമാനം ഇടിച്ചിറക്കാൻ കോ പൈലറ്റ് ശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.