വാഷിങ്ടണ്‍: മേയ്മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.

To advertise here,

യുദ്ധങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ തങ്ങള്‍ ഏറെ വിജയം കൈവരിച്ചവരാണ്. കാര്യങ്ങള്‍ (ഇന്ത്യ-പാക് സംഘര്‍ഷം) അങ്ങനെ തന്നെ മുന്നോട്ടുപോയിരുന്നെങ്കില്‍ അടുത്ത ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും ആണവയുദ്ധത്തിലേക്ക് കടക്കുമായിരുന്നു. വളരെ മോശം നിലയ്ക്കായിരുന്നു അത് പൊയ്‌ക്കൊണ്ടിരുന്നത്, ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വ്യാപാരത്തെയാണ് ഉപയോഗപ്പെടുത്തിയതെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഈ വിഷയം (ഇന്ത്യ-പാക് സംഘര്‍ഷം) പരിഹരിക്കുന്നിടംവരെ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഞങ്ങളില്ലെന്ന്. അവര്‍ അങ്ങനെ പ്രവര്‍ത്തിച്ചു, ട്രംപ് പറഞ്ഞു.

ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഏപ്രില്‍ 22-ന് നടന്ന ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് പിന്നാലെയാണ് ഇന്ത്യ-പാക് സംഘര്‍ഷം ഉടലെടുത്തത്. മേയ് ഏഴുമുതല്‍ പത്താംതീയതി വരെയാണ് സംഘര്‍ഷം നീണ്ടുനിന്നത്. ഇതാദ്യമായല്ല, ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ജൂണ്‍ മാസം ആദ്യവും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം പരിഹരിക്കാന്‍ മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.