
വാഷിങ്ടണ്‍:ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ കശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്.
വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യുഎസ് സഹായം ചെയ്തുവെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ട്രൂത്ത് സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ശനിയാഴ്ച ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു. പാകിസ്താനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
വിഷയത്തില്‍ യു.എസ് ഇടപെടലുണ്ടായെന്ന വാർത്തകള്‍ ഉയർത്തിക്കാട്ടി പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന വാഗ്ദാനവുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്.
നിരവധി ആളുകളുടെ മരണത്തിനും വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമാകുമായിരുന്ന നിലവിലെ ആക്രമണം നിര്‍ത്തിവയ്ക്കേണ്ട സമയമായെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെയും പാകിസ്താന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സംഘര്‍ഷം തുടര്‍ന്നിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകള്‍ മരിക്കാമായിരുന്നു. ധീരമായ പ്രവൃത്തികള്‍ നിങ്ങളുടെ പൈതൃകത്തെ വളരെയധികം ഉയര്‍ത്തും. ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ യുഎസിന് കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണ് ഞാന്‍. കൂടാതെ, നീണ്ടകാലമായി തുടരുന്ന കശ്മീരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്ന് നോക്കാന്‍ ഞാന്‍ ഇരുരാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ മികച്ച പ്രവര്‍ത്തനത്തിന് ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!' ട്രംപ് കുറിച്ചു.
Content Highlights: Following a ceasefire, US President Trump pledges to help resolve the Kashmir issue
Published: 11 May 2025, 11:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented