വാഷിങ്ടൺ: ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത് നീട്ടണമെങ്കിൽ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം വാക്കാലുള്ള ആക്രമണങ്ങൾ ട്രംപ് തുടരുകയാണ്.

To advertise here,

"ഭീകരവാദികളായ ഇറാനിൽ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളാണ്. ബോംബറുകൾ ഉപയോഗിച്ച് ഞങ്ങൾ അവരെ (ഇറാനെ) തടഞ്ഞു. ഞങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവർക്ക് ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇസ്രയേൽ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തകർന്നുപോകുമായിരുന്നു." ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇറാൻ നാമാവശേഷമാവുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. "അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവേധ സംവിധാനങ്ങളില്ല, റഡാറുകളില്ല. അവരുടെ നേതാക്കളെല്ലാം ഇല്ലാതായിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഇറാൻ മുന്നോട്ടുവെച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ നിർദ്ദേശം ട്രംപ് നിരസിച്ചു. "മൂന്ന് വർഷത്തിനുള്ളിൽ ഈ പ്രശ്നം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഞങ്ങൾ പിന്മാറില്ല," ട്രംപ് പറഞ്ഞു. യുഎസിന് അനുകൂലമായ കരാർ നൽകാത്തതിന് ഇറാൻ നേതൃത്വത്തെ ട്രംപ് കുറ്റപ്പെടുത്തി. "അതൊരു വികലമായ നേതൃത്വമാണ്, അവരെല്ലാവരും ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എല്ലാവരും ആശയക്കുഴപ്പത്തിലാണ്." ട്രംപ് പറഞ്ഞു.

അന്തിമമായി ഇറാനു രണ്ട് വഴികളുണ്ട്, ട്രംപ് പറഞ്ഞു. "നമുക്ക് അവരെ പൂർണ്ണമായി നശിപ്പിച്ച് എന്നത്തേക്കുമായി നാശം വരുത്തണോ? അതോ നമുക്ക് ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കണോ? അതൊക്കെയാണ് ഓപ്ഷനുകൾ,"ട്രംപ് കൂട്ടിച്ചേർത്തു.