വാഷിങ്ടണ്‍: ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മുഷിച്ചിലുണ്ടാക്കിയെന്ന് സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്. 'ഫോക്‌സ് ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയ്ക്കുമേല്‍ അധികത്തീരുവ ചുമത്തിയ നടപടിയെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശം. 

To advertise here,

''ഇന്ത്യയായിരുന്നു അവരുടെ (റഷ്യ) ഏറ്റവും വലിയ ഉപഭോക്താവ്. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍ ഞാന്‍ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തി. അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതൊരു വലിയ കാര്യമാണ്. അത് ഇന്ത്യയുമായി ഒരു വിള്ളലിന് കാരണമായി'', ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ഫോക്‌സ് ന്യൂസിന്റെ അഭിമുഖത്തില്‍ വ്യക്തമാക്കി. 

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനെന്ന് പറഞ്ഞാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേല്‍ ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം, ഓഗസ്റ്റ് 27 മുതല്‍ ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. 

അതിനിടെ, ഇന്ത്യയുമായുള്ള വ്യാപാരതടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ ഭരണകൂടം തുടരുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.