കോപ്പൻഹേഗൻ: വാസ്തവമെന്നു തോന്നിപ്പിക്കുന്ന എഐ (നിർമിതബുദ്ധി) നിർമിത ഡീപ്ഫെയ്ക്ക് ദൃശ്യങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതു തടയാൻ സ്വന്തം ശരീരത്തിനും മുഖാവയവങ്ങൾക്കും ശബ്ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക് ആലോചിക്കുന്നു. ഇതിനായി പകർപ്പവകാശനിയമം ഭേദഗതിചെയ്യുമെന്ന് ഡാനിഷ് സർക്കാർ വ്യാഴാഴ്ച പറഞ്ഞു. ഇത്തരത്തിൽ ഒരു നിയമം യൂറോപ്പിൽ ആദ്യമായാണ് വരുന്നത്.

To advertise here,

‘വ്യക്തിയുടെ രൂപവും ശബ്ദവും ഉൾപ്പെടെയുള്ളവയുടെ ഏറ്റവും യഥാതഥമായ ഡിജിറ്റൽ പ്രതിനിധാനം’ എന്നാണ് ‍െഡൻമാർക്ക് ഡീപ്ഫെയ്ക്കിനു നൽകുന്ന നിർവചനം. എല്ലാവർക്കും സ്വന്തം ശരീരത്തിലും ശബ്ദത്തിലും മുഖാവയവങ്ങളിലും അവകാശമുണ്ടെന്ന ‘അസന്ദിഗ്ധമായ സന്ദേശം’ നൽകുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്ന് ഡാനിഷ് സാംസ്കാരികമന്ത്രി ജേക്കബ് എംഗൽ ഷ്മിഡ്റ്റ് പറഞ്ഞു. നിലവിലെ നിയമം ഐഐയിൽനിന്ന് ഈ സംരക്ഷണം നൽകുന്നില്ല.

നിയമത്തിന് അംഗീകാരമാകുന്നതോടെ തങ്ങളുടെ അനുമതിയില്ലാതെ ഓൺലൈനിൽ പങ്കുവെച്ചിരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്ക് കൈവരും. കലാപ്രവർത്തകരുടെ ഡിജിറ്റലായുണ്ടാക്കിയ യഥാതഥ അവതരണങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ, ഹാസ്യാനുകരണങ്ങൾ, ആക്ഷേപഹാസ്യം എന്നിവയെ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു.