ആരാധകരും മലയാള സിനിമാ പ്രേക്ഷകരും വളരേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ദൃശ്യം 3'. കേരളത്തിലെ വിവിധയിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റും ആരാധകരും പ്രേക്ഷകരും സാമൂഹികമാധ്യമങ്ങളില്‍ വലിയ ആഘോഷമാക്കാറുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച.
ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച കത്തുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍. 'ദൃശ്യ'ത്തിന്റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്. മലയാളത്തില്‍ 'ദാവീദ്' എന്ന ചിത്രത്തില്‍ നിര്‍മാണപങ്കാളിയായിരുന്നു. 'റെയ്ഡ് 2', 'മാ' തുടങ്ങിയ ചിത്രങ്ങളാണ് പനോരമ സ്റ്റുഡിയോസിന്റേതായി ഒടുവിലിറങ്ങിയത്. ചിത്രീകരണഘട്ടത്തിലുള്ള 'ദൃശ്യം 3'-ന്റെ മുഴുവന്‍ പകര്‍പ്പവകാശങ്ങളും നോരമ സ്റ്റുഡിയോ സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
'ദൃശ്യം 3' നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍നിന്ന് ചിത്രത്തിന്റെ ആഗോള തിയേറ്ററിക്കല്‍ റൈറ്റ്‌സ് ഉള്‍പ്പെടെയാണ് പനോരമ സ്റ്റുഡിയോ സ്വന്തമാക്കിയത്. ഡിജിറ്റല്‍ റൈറ്റ്‌സും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ചിത്രത്തിന്റെ റിലീസിനെ എങ്ങനെ ബാധിക്കുമെന്നതിനെച്ചൊല്ലിയാണ് ചര്‍ച്ച.
എല്ലാ അവകാശങ്ങളും സ്വന്തമാക്കിയതോടെ മലയാള സിനിമ എന്ന്, എപ്പോള്‍, എവിടെ റിലീസ് ചെയ്യണമെന്ന് ബോളിവുഡ് കമ്പനി തീരുമാനിക്കുന്ന നിലയായെന്ന് ആരാധകര്‍ പരിഭവിക്കുന്നു. മലയാളം ചിത്രത്തിന് ലഭിക്കുമായിരുന്ന നേട്ടങ്ങളുടെ സാധ്യതകളെല്ലാം നീക്കത്തോടെ നിര്‍മാതാക്കള്‍ ഇല്ലാതാക്കിയെന്നും ആരാധകര്‍ വ്യസനിക്കുന്നു. അതേസമയം, നീക്കം മലയാളം സിനിമാ വ്യവസായത്തിന് നല്ലതാണെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇതിനിടെ, ആരാധകരുടെ ആശങ്കകളോട് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചുവന്ന തരത്തില്‍ ഒരു സ്‌ക്രീന്‍ഷോട്ടും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. ഒരു ആരാധകന് ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ മറുപടിയെന്ന പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ഹിന്ദി- മലയാളം പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യുമോ എന്ന ചോദ്യത്തോട് ജീത്തു ജോസഫ് മറുപടി നല്‍കുന്നതായി സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നു. മലയാളം പതിപ്പിറങ്ങി രണ്ടുമാസം കഴിഞ്ഞുമാത്രമേ മറ്റ് പതിപ്പുകള്‍ ഇറങ്ങുകയുള്ളൂവെന്നാണ് ജീത്തുവിന്റെ മറുപടിയായി സ്‌ക്രീന്‍ഷോട്ടിലുള്ളത്.
Content Highlights: Panorama Studios acquires Drishyam 3 rights, sparking fan concerns over Malayalam release. Director Jeethu Joseph`s alleged response offers reassurance
Published: 27 Nov 2025, 08:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented