ക്വിറ്റോ(ഇക്വഡോര്‍): കോവിഡ് മഹാമാരിക്ക് അവസാനം ഉണ്ടാകണമെങ്കില്‍ താന്‍ ഇന്ത്യയില്‍ കാല്‍കുത്തണമമെന്ന് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. 2019-ല്‍ ലൈംഗിക പീഡനക്കേസില്‍ ആരോപണം ഉയര്‍ന്നതിനു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു. രാജ്യംവിട്ട നിത്യാനന്ദ, ഇക്വഡോര്‍ തീരത്തെ ഒരു ദ്വീപില്‍ സ്വന്തമായി രാജ്യം സ്ഥാപിച്ച് കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈലാസ എന്നാണ് തന്റെ ദ്വീപുരാജ്യത്തിന് നിത്യാനന്ദ പേര് നല്‍കിയിരിക്കുന്നത്.

കുറച്ചുദിവസം മുന്‍പ് പുറത്തെത്തിയ വീഡിയോയിലാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ എപ്പോഴാണ് കോവിഡ് 19 അവസാനിക്കുക എന്ന് ഒരു അനുയായി നിത്യാനന്ദയോട് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. ദേവി അമ്മന്‍ തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചതായും ഇന്ത്യന്‍ മണ്ണില്‍ താന്‍ കാല്‍കുത്തുമ്പോള്‍ മാത്രമേ രാജ്യത്തുനിന്ന് കോവിഡ് 19 പോവുകയുള്ളൂവെന്നുമാണ് നിത്യാനന്ദയുടെ മറുപടി. 

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിശ്വാസികള്‍ക്ക് നിത്യാനന്ദ കൈലാസയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഏപ്രില്‍ 19-നായിരുന്നു ഇത്. ഇന്ത്യയെ കൂടാതെ ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും നിത്യാനന്ദ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

content highlights: covid will end only when i land in india- nithyananda