ഇസ്‌ലാമാബാദ്: യെമെനിലെ ഹൂതിവിമതർ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് പാകിസ്താനും തുർക്കിയും. മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധസേനാ മേധാവികൾ വെള്ളിയാഴ്ച റിയാദിൽച്ചേർന്ന യോഗത്തിലാണു തീരുമാനം. സൗദിയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിൽ കൂട്ടായ പ്രതിരോധത്തിനുള്ള പ്രതിബദ്ധത രാജ്യങ്ങൾ ആവർത്തിച്ചതായി പാക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

To advertise here,

സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾചേർന്ന് കഴിഞ്ഞമാസം ഒപ്പുെവച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമായാണ് കൂട്ടായ പ്രതിരോധത്തിന് ധാരണയായത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണു കരാർ. കരാറിലെ വ്യവസ്ഥകൾ ഉടൻ പ്രായോഗിക സൈനിക സഹകരണമായി മാറ്റാനുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടായെന്നും പാകിസ്താൻ അറിയിച്ചു.

സൗദി അറേബ്യ നേരിടുന്ന സുരക്ഷാഭീഷണികളും മേഖലയിലെ സാഹചര്യവും യോഗം വിലയിരുത്തി. വിശുദ്ധ നഗരമായ മക്കയെയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെ യോഗം അപലപിച്ചു. സായുധസേനകൾ തമ്മിൽ രഹസ്യവിവരം പങ്കിടൽ, സൈനിക ഏകോപനം, പ്രതിരോധശേഷികളുടെ സംയോജനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്തു. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ യു.എൻ. പൊതുസഭാസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ബുധനാഴ്ച മുൻ ലെഫ്റ്റനന്റ് ജനറൽ നൗമാൻ മഹ്‌മൂദിനെ ത്രിരാഷ്ട്ര പ്രതിരോധസഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി പാകിസ്താൻ നിയമിച്ചിരുന്നു.

ഹൂതികൾക്കെതിരേ സൈനിക ഇടപെടൽ നടത്തി മക്ക പ്രതിരോധ കരാർ പ്രാബല്യത്തിലാകുമെന്ന് പാകിസ്താൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ആക്രമണത്തിനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. ഇത് സൗദിക്ക് അതൃപ്തിയുണ്ടാക്കിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മാത്രമല്ല ഹൂതികളെ നേരിടാൻ സൗദി യു.എസിന്റെയും ഇസ്രയേലിന്റെയും സഹായം തേടിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.