
വാഷിങ്ടൺ: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. അതായത് നവംബർ മൂന്നിന്. പേപ്പർ ബാലറ്റിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം അതിവേഗം പുറത്തുവരികയും ചെയ്തു. ദശലക്ഷ കണക്കിന് ആളുകളുടെ വോട്ടുകൾ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം എങ്ങനെയാണ് ഇത്രയും വേഗത്തിൽ പുറത്ത് വരുന്നതെന്നതിൽ കൗതുകമുള്ളവരുണ്ടാകും, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. കാരണം വോട്ടിങ് മെഷീനിലാണ് ഇന്ത്യയിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാറുള്ളത്. എംഎൽസി തിരഞ്ഞെടുപ്പുകളും ചില സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും മാത്രമാണ് ബാലറ്റ് പേപ്പറിൽ നടത്താറുള്ളത്. ഇതിന്റെ ഫലം പുറത്ത് വരാൻ പലപ്പോഴും ദിവസങ്ങളെടുക്കുകയും ചെയ്യും. അടുത്തിടെ നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ ഫലം പുറത്ത് വന്നത് 60 മണിക്കൂറോളം പിന്നിട്ട ശേഷമാണ്. അതുകൊണ്ട് തന്നെയാണ് ബാലറ്റ് പേപ്പറിൽ നടന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം അതിവേഗം പുറത്ത് വരുമ്പോൾ ഇന്ത്യക്കാർക്ക് കൗതുകമുണ്ടാകുന്നത്.
10 കോടിയിലധികം വോട്ടുകൾ
435 അംഗ അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർമാരെ തിരഞ്ഞെടുക്കുന്നതിനുമായിട്ടാണ് യുഎസിൽ നവംബർ മൂന്നിന് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് തന്നെ യുഎസിൽ വോട്ട് ചെയ്യാൻ സാധിക്കുമെന്നുള്ളതുകൊണ്ട് തന്നെ 57 ദശലക്ഷത്തിലധികം പേർ വോട്ടെടുപ്പ് ദിനത്തിന് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 10 കോടിയിലധികം ആളുകൾ ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് എപി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വോട്ടെണ്ണൽ വേഗതയ്ക്ക് പിന്നിലെ രഹസ്യം
വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കിലും വോട്ടെണ്ണലിന് യന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നതാണ് ആ വേഗതയ്ക്ക് പിന്നിലെ രഹസ്യം. പതിനായിരത്തിലധികം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലാണ് അധികൃതർ വോട്ടുകൾ എണ്ണുന്നത്. സ്കാനറുകൾ ഉള്ള യന്ത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ബാലറ്റുകളിലെ സ്ഥാനാർത്ഥിയുടെ പേരിന് അടുത്തുള്ള വൃത്തത്തിലോ ബോക്സിലോ വോട്ടർമാർ അടയാളം രേഖപ്പെടുത്തുന്ന രീതിയാണ് അമേരിക്കയിലുള്ളത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഈ ബാലറ്റുകൾ ഒരു സ്കാനിംഗ് മെഷീനിലൂടെ കടത്തിവിടും.
സ്‌കാനർ ഇത് വായിച്ചെടുക്കുകയും സ്ഥാനാർത്ഥിയുടെ ആകെ വോട്ടുകളിലേക്ക് ഇത് ചേർക്കുകയും ചെയ്യുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മണിക്കൂറിൽ ആയിരക്കണക്കിന് ബാലറ്റ് പേപ്പറുകൾ പ്രോസസ്സ് ചെയ്യാൻ ശേഷിയുള്ള അതിവേഗ യന്ത്രങ്ങളുണ്ട്. ഒറിജിനൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കുകയും ചെയ്യും. റീക്കൗണ്ടിങ്ങോ ഓഡിറ്റോ തർക്കമോ ഉണ്ടായാൽ പരിശോധിക്കുന്നതിന് വേണ്ടിയാണിത്.
അമേരിക്കയിൽ താരതമ്യേന വേഗത്തിൽ ഫലങ്ങൾ അറിയാൻ കഴിയുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, വോട്ടെടുപ്പ് ദിവസത്തിന് മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു എന്നതാണ്. അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾക്കനുസരിച്ച്, നിശ്ചിത പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ അമേരിക്കക്കാർക്ക് മുൻകൂട്ടി വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
അതുകൊണ്ട് തന്നെ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുക, ഒപ്പുകൾ സ്ഥിരീകരിക്കുക, കവറുകൾ തുറക്കുക, സ്്കാനിംഗിനായി ബാലറ്റ് പേപ്പറുകൾ തയ്യാറാക്കുക എന്നിവ നേരത്തെ നടത്താനും കഴിയും.
ചില സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ദിവസത്തിന് മുമ്പ് ബാലറ്റുകൾ സ്‌കാൻ ചെയ്യാനും അനുവാദമുണ്ട്. എന്നാൽ നിയമപരമായി അനുവദിച്ച സമയത്തിന് മുമ്പ് ഫലങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ല. കൂടാതെ ധാരാളം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട് എന്നതാണ് ഫലം വേഗത്തിലാക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. പതിനായിരത്തോളം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Over 10 million votes were cast in the US midterm elections., Paper ballots are used for voting, but high-speed optical scanners are used for counting., Early voting and advance processing of mail-in ballots significantly speed up final results., Thousands of distributed counting centers enable parallel processing of votes.
Published: 04 Nov 2026, 04:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented