മനില: തെക്കന്‍ ചൈനാ കടലില്‍ ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന. എട്ടിലേറെ മോട്ടോര്‍ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കത്തിയും ചുറ്റികയും മഴുവുമടക്കമുള്ള മാരകായുധങ്ങളുമായെത്തിയാണ് ഫിലിപ്പീന്‍സ് ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

To advertise here,

ചൈന അവകാശവാദം ഉന്നയിക്കുന്ന സെക്കന്‍ഡ് തോമസ് ഷോളില്‍ നിലയുറപ്പിച്ച നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവുമടക്കം എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം.

ബോട്ടുകളെ പിന്തുടര്‍ന്നെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഫിലിപ്പീന്‍സ് നാവികസേനാംഗങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ബോട്ടുകള്‍ തമ്മില്‍ തുടര്‍ച്ചയായി ഇടിച്ചു. തുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഫിലിപ്പീന്‍സ് നാവിക ബോട്ടുകളിലേക്ക് കടന്നുകയറി എം.4 റൈഫിളുകളും ഗതിനിര്‍ണയ ഉപകരണങ്ങളും പിടിച്ചെടുത്തത്.

പരസ്പരമുള്ള ഏറ്റുമുട്ടലില്‍ ഫിലിപ്പീന്‍സ് നാവികര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് വലത് തള്ളവിരല്‍ നഷ്ടമായി. ചൈനീസ് സൈനികര്‍ തങ്ങളുടെ നാവികര്‍ക്കെതിരെ കത്തി ചൂണ്ടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഫിലിപ്പീന്‍സ് പുറത്തുവിട്ടു. ചൈന കടല്‍ക്കൊള്ളക്കാരെപ്പോലെയാണ് പെരുമാറുന്നതെന്ന് ഫിലിപ്പീന്‍സ് സൈനിക തലവന്‍ ജനറല്‍ റോമിയോ ബ്രൗണര്‍ ജൂനിയര്‍ ആരോപിച്ചു.