അൽമാറ്റി: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയത്.

To advertise here,

കോവിഡിനെക്കാൾ വളരെ ഉയർന്ന മരണനിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു മുന്നറിയിപ്പ് നിർദേശത്തിൽ ചൈനീസ് എംബസി വ്യക്തമാക്കുന്നു. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ചൈനീസ് പൗരൻമാർ ബോധവാൻമാരാകാണമെന്നും രോഗബാധ തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും എംബസി നിർദ്ദേശിച്ചു. വടക്കു പടിഞ്ഞാറൻ ചൈനീസ് സ്വയംഭരണ പ്രദേശമായ സിൻജിയാങ് ഉയ്ഗൂർ മേഖലുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താൻ.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1,772 പേർ കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചു. ജൂണിൽ മാത്രം ചൈനീസ് പൗരൻമാർ ഉൾപ്പെടെ 628 പേർ മരിച്ചുവെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. കസാക്കിസ്താനിലെ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങൾ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണെന്നും എംബസി പറഞ്ഞു.

ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ന്യുമോണിയ കേസുകളുടെ എണ്ണവും വലിയ തോതിൽ ഉയർന്നതായി കസാക്കിസ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊക്കയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ന്യുമോണിയ കോവിഡിനെക്കാള്‍ മാരകമാണെന്ന ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം തള്ളി. എംബസി പ്രസ്താവന അടിസ്ഥാനമാക്കി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വ്യാജമാണെന്ന് കസാക്കിസ്താന്‍ വ്യക്തമാക്കി.

content highlights:China warns of unknown pneumonia deadlier than COVID19 in Kazakhstan